X

അസം: ആദ്യ മുസ്ലിം മുഖ്യമന്ത്രിയും പൗരത്വപട്ടികയില്‍ പുറത്ത്

 

അസം സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയുടെ അന്തിമ കരടില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും. അസം മുന്‍ മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമുര്‍ ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ്.

1980 ഡിസംബര്‍ മുതല്‍ 1981 ജൂണ്‍ വരെ അസമിലെ മുഖ്യമന്ത്രിയായിരുന്നു സൈദ. ഇപ്പോള്‍ മകനൊപ്പം ഓസ്‌ട്രേലിയയില്‍ കഴിയുന്ന സൈദ പൗരത്വ രജിസ്റ്ററില്‍ പേരുള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
‘ എന്റെ പേര് ആ ലിസ്റ്റിലില്ലാത്തത് വളരെ വേദനാജനകമാണ്. ആഗസ്റ്റ് അവസാന ആഴ്ച അസമിലേക്ക് തിരിച്ചുവരികയും എന്റെ കുടുംബത്തിന്റെയും പേര് ദേശീയ പൗരത്വ രജിസ്റ്റര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു കിട്ടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുകയും ചെയ്യും.’ സൈദ ഒരു ടെലിവിഷന്‍ ചാനലിനോടു പറഞ്ഞു.

അസമിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു സൈദ എ.ഐ.സി.സി അംഗം കൂടിയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മുന്‍തലമുറയെക്കുറിച്ചുള്ള യാതൊരു രേഖയും അവരുടെ പക്കലില്ലെന്നാണ് എന്‍.ആര്‍.സി അധികൃതര്‍ പറയുന്നത്.

മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ലഫ്റ്റനന്റ് ഇക്രമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാദുദ്ദീന്‍ അലി അഹമ്മദാണ് പൗരത്വപട്ടികയില്‍ നിന്ന് പുറത്തായത്.

ജൂലൈ 30ന് പുറത്തുവിട്ട ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 40ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനതയെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

chandrika: