X

കുടിയേറ്റക്കാര്‍ അസമിന് ഭീഷണിയോ

 

ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന പണ്ടോരയുടെ പെട്ടി തുറന്നപോലെയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസെന്‍സ് (എന്‍.ആര്‍.സി) പുറത്തിറക്കിയ പ്രാഥമിക കരട് ലിസ്റ്റ്. അസമിലെ 40 ലക്ഷം ആളുകളെയാണ് ഈ ലിസ്റ്റ് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. അവസാന കരടിനു ശേഷം, ‘പുറത്താക്കപ്പെട്ടവരുടെ’ അപേക്ഷ പുനപ്പരിശോധിക്കും. അവരുടെ തലക്കുമുകളിലിപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെയാണ് പുറത്താക്കിയതെന്നും അവര്‍ നമ്മുടെ സുരക്ഷക്ക് ഭീഷണിയാണെന്നും സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ കൈവശപ്പെടുത്തുന്നതില്‍ മത്സരം നടക്കുകയാണെന്നും അത് നാട്ടുകാരെ കഷ്ടതയില്‍പെടുത്തുമെന്നുമാണ് ഇതുസംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. ലിസ്റ്റില്‍ പേരില്ലാത്തവര്‍ ബംഗ്ലാദേശി മുസ്‌ലിംകളായിരിക്കുമെന്ന ധാരണയാണ് പരക്കെയുള്ളത്. അമിത്ഷായുടെ ദേഷ്യമത്രയും ഈ വിഭാഗം ജനങ്ങള്‍ക്കെതിരെയാണ്.
പട്ടികയില്‍ പേര് കണ്ടെത്താന്‍ കഴിയാത്തവര്‍ ഒരു പ്രത്യേക വിഭാഗമാണ്. ഇവയിലധികവും നേപ്പാളില്‍ നിന്നോ പശ്ചിമ ബംഗാളില്‍ നിന്നോ അല്ലെങ്കില്‍ രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലത്തുനിന്നോ വന്നവരായ ഹിന്ദുക്കളാണെന്ന വസ്തുതയുമുണ്ട്. എന്‍.ആര്‍.സി ലിസ്റ്റ് കാരണം പല കുടുംബങ്ങളും പിച്ചിച്ചീന്തപ്പെട്ടുവെന്നതാണ് രസാവഹം. കുടുംബത്തിലെ ചില അംഗങ്ങള്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തിയപ്പോള്‍ മറ്റു പലരും ലിസ്റ്റിനു പുറത്താണ്. ഇത് നിരവധി ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെക്കുകയും ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ മനസ്സില്‍ അരക്ഷിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്‍.ആര്‍.സി ലിസ്റ്റിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണിക്കും സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ ശോഷണത്തിനുമൊക്കെ പുറമെ സംസ്ഥാനത്തിന്റെ വംശീയ, ഭാഷാപരമായ ഘടനക്ക് ഈ വിഭാഗം ജനങ്ങള്‍ ഭീഷണിയാകുമെന്നാണ് മനസ്സിലാക്കേണ്ടത്.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇത്തരമൊരു എന്‍.ആര്‍.സി ലിസ്റ്റ് ആരംഭിക്കണമെന്നാണ് ഉയര്‍ന്നുവരുന്ന ശബ്ദം. വംശീയവും ഭാഷാപരവുമായ വേര്‍തിരിച്ചുള്ള വശങ്ങള്‍ വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബംഗ്ലാദേശി കുടിയേറ്റക്കാരിലാണ്. മുംബൈയില്‍ ഇത് ഉയര്‍ന്നുവരുന്നത് 1992-93 ലെ മുംബൈ കൂട്ടക്കൊല വേളയിലായിരുന്നു. ഡല്‍ഹിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടയ്‌ക്കൊക്കെ ഉയര്‍ന്നുവരും. മറ്റൊരു തലത്തില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത് നമുക്കറിയാവുന്നതാണ്. ഡല്‍ഹിയില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കോളനി അഗ്നിക്കിരയാക്കിയായിരുന്നു അത്.
അസമിലെ മതപരവും ഭാഷാപരവുമായ ഘടന ചരിത്രപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളാല്‍ പരിവര്‍ത്തനപ്പെട്ടതാണ് എന്നതാണ് ഇതിലെ കാതലായ വിഷയം. ആദ്യമായി ഇത്തരമൊരു ലിസ്റ്റ് കൊണ്ടുവന്നത് ബ്രിട്ടീഷ് കോളനി വാഴ്ച കാലത്താണെന്നാണ് ഓര്‍ക്കേണ്ടത്. ‘മനുഷ്യ കൃഷി പദ്ധതി’ എന്ന പേരിലറിയപ്പെട്ട പരിപാടി കൂടുതല്‍ ജനങ്ങളുള്ള ബംഗാളില്‍ നിന്നും ആളുകളെ ഭൂമി നല്‍കി അസമിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ബംഗാളിലെ ജനപ്പെരുപ്പ സമ്മര്‍ദ്ധം കുറയ്ക്കുന്നതിനും അതേസമയം അസമില്‍ വെറുതെ കിടന്ന ഭൂമിയില്‍ കൃഷി ചെയ്ത് ഭക്ഷ്യ ലഭ്യതക്കുറവ് പരിഹരിക്കുകയുമെന്ന ഇരട്ട ലക്ഷ്യമായിരുന്നു പദ്ധതിക്കു പിന്നില്‍. ഇങ്ങനെ കുടിയിരുത്തപ്പെട്ടവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ടായിരുന്നു. വിഭജന സമയത്ത് അസം മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമായിരുന്നു. അസം തീര്‍ച്ചയായും പാക്കിസ്താന്റെ ഭാഗമാകണമെന്നായിരുന്നു ജിന്നയുടെ ആവശ്യം. പിന്നീട് ഈസ്റ്റ് ബംഗാളില്‍ പാകിസ്താന്‍ സൈന്യം വംശഹത്യ ആരംഭിച്ചപ്പോള്‍ നിരവധിയാളുകള്‍ അസമിലേക്ക് കുടിയേറി. പാക് പട്ടാളത്തിന്റെ വിചാരണ ഭയന്നായിരുന്നു പലരും അയല്‍ സംസ്ഥാനത്തേക്ക് കുടിയേറിയത്. പിന്നീട് ബംഗ്ലാദേശ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതിനാല്‍, ചില സാമ്പത്തിക കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ടാകാം.
ചില രേഖകള്‍ മാത്രം എന്‍.ആര്‍.സി അടിസ്ഥാനമാക്കിയതിനാല്‍ ചില നിയമാനുസൃതരായ ആളുകളില്‍ ഉചിതമായ രേഖകളില്ലായിരിക്കാം, ‘പൗരന്മാരല്ലാത്ത’ ചിലര്‍ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാകാം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കുടിയേറ്റ പ്രശ്‌നം പ്രോത്സാഹനം നല്‍കുന്നുണ്ടെന്നത് ഭാഗികമായി ശരിയായിരിക്കാമെങ്കിലും വിനാശകരമായ സാഹചര്യങ്ങളില്‍ ആളുകള്‍ താമസിക്കാന്‍ തെരഞ്ഞെടുക്കുന്നുവെന്നതോ അല്ലെങ്കില്‍ കുടിയേറുന്നതോ അവരുടെ ജീവിതം മുഴുവന്‍ പ്രശ്‌നമാണ് എന്നതാണ് ഉയരുന്ന വാദം. ഈ ക്രൂര ലോകത്ത് ജീവിതം അനുഭവിച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവരും മനുഷ്യരാണ്. എവിടെ നിന്നെങ്കിലും അവരുടെ പൗരത്വം പണം കൊടുത്തുവാങ്ങാന്‍ പറ്റുമോ? അല്ലെങ്കില്‍ ചിലര്‍ വന്‍തോതില്‍ കൊള്ള മുതലുമായി ഇന്ത്യയിലേക്ക് രക്ഷപ്പെടുമോ അവര്‍ക്ക് സമാധാനപൂര്‍വം കൊള്ളമുതല്‍ നമ്മുടെ രാജ്യത്ത് ചെലവഴിക്കാന്‍ സാധിക്കുമോ. ലോകത്തിലെ പാവങ്ങള്‍ക്ക് യാതൊരു അവസരവുമില്ല.
അസമില്‍ വിവിധ വിഭാഗങ്ങളുടെ മിശ്രിത രൂപമാണുള്ളത്. ബംഗ്ലാദേശില്‍ നിന്നും വരുന്ന മുസ്‌ലിംകള്‍ ഇന്ത്യന്‍ സുരക്ഷയ്ക്ക് ഭീഷണിയായാണ് പ്രാഥമികമായും പലരും നോക്കിക്കാണുന്നത്. ഇത്തരം ആളുകളെ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ നാടുകടത്തിയിരുന്നു. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയിലുള്ള ജോലികള്‍ ചെയ്ത് ജീവിതം പടുത്തുയര്‍ത്തുന്നവര്‍ എന്താണ് ചെയ്യേണ്ടത്? ചിലര്‍ ഇവിടെ വന്നു ചേരുമ്പോള്‍ നമുക്ക് സാമൂഹ്യ സുരക്ഷിതത്വം ഇല്ലാതാവുകയാണോ. വിവിധ രാജ്യങ്ങളില്‍ പുറംതള്ളപ്പെട്ട ‘രാജ്യമില്ലാത്ത’ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ സമാനമായ ദയനീയ അവസ്ഥ നാം കാണുന്നതാണ്. റോഹിന്‍ഗ്യകളെല്ലാം ഭീഷണിയാണെന്നും ബംഗാളി ഭാഷ സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശികളാണെന്നുമാണ് വര്‍ഗീയ ശക്തികള്‍ അവതരിപ്പിക്കുന്നത്.
അനുകമ്പയും സഹാനുഭൂതിയുമുള്ള രാജ്യമായിരുന്നു ഇന്ത്യ ഇതുവരെയും. തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരെയും തിബറ്റില്‍ നിന്നുള്ള ബുദ്ധ മതക്കാരെയും നാം സ്വീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ഹിന്ദുക്കളെ സ്വീകരിക്കാനുള്ള നിര്‍ദേശവും ബംഗ്ലാദേശികള്‍ അഭയാര്‍ത്ഥികളും മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരുമാണെന്ന ഇരട്ടത്താപ്പ് മനുഷ്യത്വരഹിതമാണ്. എന്‍.ആര്‍.സിയുടെ അന്തിമ കരടു പട്ടികക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനായാല്‍പോലും നാം എന്തു നേടും? ഇപ്പോള്‍ ബംഗ്ലാദേശിന്റെ സാമൂഹ്യസാമ്പത്തിക സൂചികകള്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്നതാണ്. അവരാരും ബംഗ്ലാദേശില്‍ നിന്നുള്ളവരല്ലെന്നും മടക്കിയയക്കുന്നവരെ സ്വീകരിക്കില്ലെന്നുമാണ് ആ രാജ്യം വ്യക്തമാക്കുന്നത്. അതിനാല്‍ രേഖകള്‍ ഇല്ലാത്തവരായി അടയാളപ്പെടുത്തുന്നതിലൂടെ നമുക്ക് എന്ത് നേട്ടമാണ് ലഭിക്കുക? അവരെ ക്യാമ്പുകളില്‍ തള്ളുകയോ? സമൂഹത്തിലെ താഴെത്തട്ടില്‍ കഠിനാധ്വാനത്തിലൂടെ അവര്‍ ജീവിതം തള്ളിനീക്കുകയാണ്. അപ്പോള്‍ എന്ത് നേട്ടമാണ് ഉണ്ടാക്കാനായത്?
രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ നടപടി വിപുലപ്പെടുത്താനുള്ള ചര്‍ച്ച അര്‍ത്ഥരഹിതമാണ്. തമിഴ് സംസാരിക്കുന്ന ആളുകളെയോ അല്ലെങ്കില്‍ തിബറ്റില്‍ നിന്നുള്ള ബുദ്ധമതക്കാരെയോ സ്വീകരിക്കുന്നതില്‍ ഇവിടത്തെ ജനങ്ങളുടെ അനുകമ്പയുടെ ഉണര്‍വ് കാണാമായിരുന്നു. വന്‍തോതിലുള്ള കുടിയേറ്റവും സാമ്പത്തിക കുടിയേറ്റവും കാരണം വിഭജനത്തിനു ശേഷം ഇന്ത്യയുടെ ജനസംഖ്യാരൂപരേഖയില്‍ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു. ‘വസുധൈവ കുടുംബകം’ (ലോകം തന്നെയാണ് കുടുംബം) എന്ന തത്ത്വത്തിലാണ് നാം വിശ്വസിക്കുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അനുകമ്പയെ അടിസ്ഥാനമാക്കിയാണ് ഇത്തരം നയങ്ങള്‍ വിജയിക്കുകയെന്ന് നമുക്ക് ഓര്‍മ്മ വേണം. അവര്‍ നമ്മുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ചിന്തിക്കുന്നത് പ്രശ്‌നത്തെ തെറ്റായ വഴിയിലൂടെ കാണലാണ്. സഹവര്‍ത്തിത്വത്തിന് വഴിതെളിക്കുന്ന തത്വങ്ങളെ വികസിപ്പിക്കുകയാണ് നമുക്ക് വേണ്ടത്.

chandrika: