X

പ്രൊജക്ട് സൈറ്റില്‍ പിടിയാന കൊല്ലപ്പെട്ട സംഭവം; രാംദേവിന്റെ കമ്പനിക്കെതിരെ അസം സര്‍ക്കാര്‍

തേജ്പൂര്‍: പതഞ്ജലി പ്രൊജക്ട് സൈറ്റില്‍ പിടിയാന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ എഫ്.ഐ.ആര്‍ തയാറാക്കാന്‍ അസം വനംമന്ത്രിയുടെ നിര്‍ദേശം. പതഞ്ജലി ഹെര്‍ബല്‍ ആന്റ് മെഗാ ഫുഡ് പാര്‍ക്കിനു സമീപമുള്ള വലിയ കുഴിയില്‍ വീണാണ് ആന ചരിഞ്ഞത്. ഇക്കാര്യത്തില്‍ പതഞ്ജലിയെ ഉത്തരവാദികളാക്കി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് വനംമന്ത്രി പ്രമീള റാണി ബ്രഹ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

വനത്തിനു തൊട്ടരികിലുള്ള പതഞ്ജലി പ്രൊജക്ടിന്റെ ഭാഗമായുള്ള 20 അടി ആഴമുള്ള കുഴിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ആനകള്‍ക്ക് ദാരുണ അനുഭവം ഉണ്ടായത്. കൂട്ടമായി നടന്നുപോകുന്നതിനിടെ ഒരു ആനക്കുട്ടിയാണ് ആദ്യം കുഴിയില്‍ വീണത്. പിന്നാലെ പിടിയാന വീണു. അതിനു മുകളിലേക്ക് കൊമ്പനാനയും വീണു.

കൊമ്പനാനയുടെ വീഴ്ചയില്‍ പിടിയാനയുടെ തലക്ക് ഗുരുതര പരിക്കും കാലില്‍ മുറിവുമേല്‍ക്കുകയായിരുന്നു. കൊമ്പനാനക്ക് കുഴിയില്‍ നിന്ന് കരകയറാനായെങ്കിലും പിടിയാന കടുത്ത വേദനയില്‍ പുളഞ്ഞ് കുഴിയില്‍ തന്നെ കിടന്നു. ആനക്കുട്ടിയെ വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി.

നിരവധി ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് കിടങ്ങ് വലുതാക്കിയാണ് പിടിയാനയെ പുറത്തെടുത്തത്. 60 കിലോമീറ്റര്‍ അകലെയുള്ള കാസിരംഗ വൈല്‍ഡ് ലൈഫ് റിഹാബിലിറ്റേഷന്‍ ആന്റ് കണ്‍സര്‍വേഷനിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വേദനയില്‍ പുളയുന്ന പിടിയാനയെ ആശ്വസിപ്പിക്കുന്ന ആനക്കുട്ടിയുടെ ദൃശ്യം ദാരുണമായിരുന്നു. ജെ.സി.ബിയും കൊമ്പനാനയെയും ഉപയോഗിച്ച് പിടിയാനയെ പുറത്തെടുക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

‘അത്യന്തം ദാരുണമായ സംഭവമാണിത്. ആനകള്‍ കൂട്ടമായി കടന്നുപോകുന്ന ആനത്താരയിലാണ് പതഞ്ജലി ഗ്രൂപ്പിന്റെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്ന് മനസ്സിലാകുന്നു. പതിറ്റാണ്ടുകളായി ഇതിലൂടെ ആനകള്‍ സ്ഥിരമായി സഞ്ചരിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഇവിടെ ഫാക്ടറി നിര്‍മിക്കുന്ന പതഞ്ജലി ഗ്രൂപ്പിനെതിരെ എഫ്.ഐ.ആര്‍ തയാറാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ മന്ത്രി പറഞ്ഞു. വന്യജീവി പെരുമാറ്റമുള്ള സ്ഥലത്ത് ഫാക്ടറി നിര്‍മിക്കുമ്പോള്‍ പ്രത്യേക കരുതല്‍ വേണമായിരുന്നുവെന്നും ഉത്തരവാദിത്തമില്ലാതെയാണ് പതഞ്ജലിക്കാര്‍ പെരുമാറിയതെന്നും അവര്‍ കുറ്റപ്പെടുത്തി.

chandrika: