ഗുവാഹത്തി: വിവാഹത്തിന് ഒരുമാസം മുമ്പ് ഔദ്യോഗിക രേഖയില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമ നിര്‍മാണത്തിന് അസമിലെ ബിജെപി സര്‍ക്കാര്‍. യുപിയിലെ ‘ലവ് ജിഹാദ’് നിയമവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് വേറിട്ടനിയമം നടപ്പാക്കാന്‍ അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സഹോദരിമാരെ ശാക്തീകരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
‘അസമിലെ നിയമം ‘ലവ് ജിഹാദിന്’ എതിരെയല്ല. ഇതില്‍ എല്ലാ മതങ്ങളും ഉള്‍പ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്തീകരിക്കുകയും ചെയ്യും. മതം മാത്രം വെളുപ്പെടുത്തിയാല്‍ പോര, വരുമാന സ്രോതസും വെളിപ്പെടുത്തണം. കുടുംബത്തിന്റെ പൂര്‍ണവിവരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയവയും. ഒരേ മതക്കാര്‍ തമ്മിലുള്ള വിവാഹങ്ങളില്‍ പോലും പലപ്പോഴും പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്താവിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പിന്നീടാണ് തിരിച്ചറിയുക’ സര്‍ക്കാര്‍ പറയുന്നു.
വിവാഹിതരാകാന്‍ ഒരുങ്ങുന്നവര്‍ ഒരു മാസം മുമ്പ് വരുമാനം, ജോലി, സ്ഥിര മേല്‍വിലാസം, മതം തുടങ്ങിയവ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫോമില്‍ രേഖപ്പെടുത്തി നല്‍കണം. ഇതിന് തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അസമില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ബിജെപി നീക്കം. കുറച്ചുദിവസം മുമ്പ് യു.പി സര്‍ക്കാര്‍ ലവ് ജിഹാദ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരുന്നു.