അസമില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശഷ്ടം. സംസ്ഥാനത്ത് ഇതുവരെ 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മഴ തുടരുകയാണെന്നും സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പ്രതികരിച്ചു.
ഇതുവരെ 6 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള 1,500 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റെയില്‍, റോഡ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന റവന്യൂ മന്ത്രി ജോഗന്‍ മോഹന്‍ പറഞ്ഞു. ഇവിടേക്ക് അരി, പയറുവര്‍ഗ്ഗങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടി. ഗുവാഹത്തിയില്‍ നിന്ന് ഹഫ്‌ലോംഗിലേക്കുള്ള റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹോജായ് ജില്ലയില്‍ കുടുങ്ങിയ രണ്ടായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി.
കച്ചാര്‍, ബരാക് വാലി തുടങ്ങിയ ജില്ലകളിലേക്കും ആവശ്യ സാധനങ്ങളുടെ വിതരണവും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കലും ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അസമിലും അയല്‍ സംസ്ഥാനമായ മേഘാലയയിലും അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.