അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി ഇന്ത്യ സഖ്യം നേതാക്കള്‍. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്‌ലിംകള്‍ക്കെതിരെ ഹിമന്ത അധിക്ഷേപ പരാമര്‍ശം നടത്തിയത്.
”അത്തരം ആളുകള്‍ ഒരിടത്ത് മാത്രം വോട്ട് ചെയ്യും. എന്നാല്‍ നമ്മള്‍ ഹിന്ദുക്കള്‍ പകുതി അവിടെയും പകുതി ഇവിടെയുമായി വോട്ട് ചെയ്യും. ഈ സര്‍ക്കാര്‍ നുഴഞ്ഞു കയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. കാരണം പ്രത്യേക സമുദായം അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യുമല്ലോ.” എന്നാണ് നവംബര്‍ ഒന്നിന് സാരാഥില്‍ നടന്ന റാലിക്കിടെ ഹിമന്ത പറഞ്ഞത്.
ഈ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് ഹിമന്തയുടെ ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ പരാമര്‍ശമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹിമന്തയുടെ വാക്കുകള്‍ ആഭ്യന്തര യുദ്ധം പോലുള്ള സാഹചര്യം സൃഷ്ടിക്കാനും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണെന്നും ഇന്ത്യ സഖ്യം നേതാവ് ആരോപിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തില്‍നിന്നുള്ളവരെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്താന്‍ ഹിമന്ത ശ്രമിക്കുകയാണ്. അത്യന്തം അപകടകരമായ ഈ തന്ത്രം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ലംഘികുന്നതാണ്. വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിവിധ വിധികള്‍ക്ക് ഘടകവിരുദ്ധവുമാണിത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിലവിലുള്ള സാമൂഹിക വിഭജനം മുതലെടുക്കാനും ആഴത്തിലുള്ള വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും ഝാര്‍ഖണ്ഡിന്റെ സാമൂഹിക ഘടനയെ തകര്‍ക്കാനും ഒരു പ്രത്യേക മത ന്യൂനപക്ഷത്തിലെ എല്ലാ അംഗങ്ങളെയും നുഴഞ്ഞുകയറ്റക്കാരായി ഹിമന്ത ബോധപൂര്‍വം ചിത്രീകരിക്കുകയാണെന്നും കത്തില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പരാതി നല്‍കാന്‍ മാത്രം താനൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു ഹിമന്തയുടെ മറുപടി. ഹിന്ദുക്കളെ കുറച്ച് പറയുന്നത് അത് മുസ്‌ലിംകളെ ലക്ഷ്യമിട്ടാണെന്ന് കരുതരുത്. പരാമര്‍ശത്തിനിടെ മുസ്‌ലിം എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. ഹിന്ദു സംസ്‌കാരമാണ് ഇന്ത്യയില്‍. അവരെ സംരക്ഷിക്കണമെന്ന് പറയുന്നത് പോസിറ്റീവായി എടുക്കുകയാണ് വേണ്ടത്. നുഴഞ്ഞുകയറ്റക്കാരെ കുറിച്ചു പറയുമ്പോള്‍ ഇന്ത്യ സഖ്യം നേതാക്കളെ അത് ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും ഹിമന്ത ചോദിച്ചു.