അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ച ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബി.ജെ.പി സർക്കാർ. ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുവാഹത്തിയിൽ ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്ന് എഴുതിയ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയും ആക്ടിവിസ്റ്റ് അങ്കുമൻ ബൊർഡോലോയിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പൊതുഗതാഗത പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധത്തിനിടെ ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് ശനിയാഴ്ചയാണ് ബറുവ ചുമരിൽ ചിത്രം വരച്ചത്. ചുമരിൽ എഴുതിയ വാചകങ്ങളാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.
‘അവരുടെ അറസ്റ്റിന് കാരണം ചുവരെഴുത്തുകളിലെ വാക്കുകൾ മാത്രമാണ്,’ ഗുവാഹത്തി വെസ്റ്റ് ഡി.സി.പി പദ്മനാഭ് ബറുവ പറഞ്ഞു.
കഴിഞ്ഞയാഴ്ച മുതൽ, ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് മേൽപ്പാലം നിർമിക്കാൻ 70ലധികം മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രദേശവാസികൾ അണിനിരന്ന പ്രതിഷേധം ഉണ്ടായിരുന്നു. സമാനമായ മറ്റൊരു സമരം ദിഗാലിപുഖുരി ജലാശയത്തിന് ചുറ്റും 28 മരങ്ങൾ മുറിക്കുന്നതിനെതിരെയും നടന്നിരുന്നു. ഇതിനെ തുടർന്ന് മേൽപ്പാലത്തിൻ്റെ രൂപകൽപ്പന മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.
ദിഗാലിപുഖുരിയിൽ ബറുവ സമാനമായ കലാസൃഷ്ടികൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ഭരലുമുഖിലെ പ്രതിഷേധ സൈറ്റിൽ ചേരുകയും അവിടെ തൻ്റെ കലാസൃഷ്ടികൾക്കായി ഒരു ഷീറ്റ് സ്ഥാപിക്കുകയും ചെയ്തതായി ബറുവയുടെ സുഹൃത്ത് പറഞ്ഞു.
‘വെള്ളിയാഴ്ച പണി തീരാത്തതിനാൽ അവൻ ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പോയി രാത്രി വരെ പെയിൻ്റ് ചെയ്തു. മാർഷൽ തൻ്റെ ചിത്രങ്ങളിൽ എഴുതിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്നെഴുതിയതിന് ശേഷം അന്ന് രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.
അപ്പോഴേക്കും അത് പ്രചരിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അവൻ അത് മാറ്റുകയാണെന്ന് പറഞ്ഞു ‘കിക്ക്’ എന്ന വാക്ക് വെള്ള പൂശുകയും അതിന് മുകളിൽ ‘ദയവായി’ എന്ന് എഴുതുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അവനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഞാൻ അറിഞ്ഞു,’ സുഹൃത്ത് പറഞ്ഞു.
“സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവ്വം അപമാനിക്കൽ, തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവയുമായി ബന്ധപ്പെട്ട ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്.