ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തില്‍ രാത്രി സഫാരി നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, സദ്ഗുരു ജഗ്ഗി വാസുദേവ്, ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ എന്നിവര്‍ക്കെതിരെ പരാതി. വന്യജീവി സംരക്ഷണനിയമം ലംഘിച്ചെന്ന് ആരോപിച്ച് അസമിലെ പരിസ്ഥിതി പ്രവര്‍ത്തകരായ സോനേശ്വര്‍ നാര, പ്രഭിന്‍ പെഗു എന്നിവരാണ് പരാതി നല്‍കിയത്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, മൃഗങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് നിശ്ചിത സമയത്തിനുശേഷം ദേശീയോദ്യാനത്തില്‍ രാത്രിയാത്രകള്‍ നിരോധിച്ചിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ വസിക്കുന്ന കാസിരംഗ ദേശീയോദ്യാനത്തില്‍ വൈകിട്ട് നാലിനുശേഷം സഫാരി നടത്തുന്നതിന് അനുവാദമില്ല. എന്നാല്‍ ശനിയാഴ്ച വൈകിട്ട് 6നു ശേഷം മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും സദ്ഗുരുവും പ്രവേശിച്ചെന്നാണ് ആരോപണം.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും മുന്‍പ് ഇങ്ങനെ പ്രവേശിച്ചവരെ വനപാലകര്‍ കൊല്ലുകയും വേട്ടക്കാരായി മുദ്രകുത്തുകയും ചെയ്തതായും അവര്‍ പറഞ്ഞു. ഗോലാഘട്ട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലും പ്രാദേശികമാധ്യമങ്ങളിലും പ്രചരിക്കുന്ന വിഡിയോയില്‍, തുറന്ന സഫാരി എസ്‌യുവിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, സദ്ഗുരു, ടൂറിസംമന്ത്രി ജയന്ത മല്ല ബറുവ എന്നിവരെ കാണാം. സദ്ഗുരുവാണ് വാഹനം ഓടിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനമുണ്ട്. എന്നാല്‍ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടു വിശദീകരിച്ചു. ‘വന്യജീവി നിയമമനുസരിച്ച്, രാത്രിയില്‍ സംരക്ഷിത പ്രദേശത്തേക്ക് പ്രവേശിക്കാന്‍ വാര്‍ഡന് അനുമതി നല്‍കാം. രാത്രിയില്‍ ആളുകള്‍ പ്രവേശിക്കുന്നത് ഒരു നിയമവും തടയുന്നില്ല. ശനിയാഴ്ച, ഈ വര്‍ഷത്തെ സീസണിന്റെ ഔപചാരിക തുടക്കമായിരുന്നു. സദ്ഗുരുവും ശ്രീശ്രീ രവിശങ്കറും എത്തിയിരുന്നു. അവര്‍ക്ക് ലക്ഷക്കണക്കിന് അനുയായികള്‍ ഉള്ളതിനാല്‍, ഇത്തവണ കാസിരംഗ ടൂറിസ്റ്റ് സീസണ്‍ വളരെ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഹിമന്ത പ്രതികരിച്ചു.