അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
അസമിലെ ശിവനഗറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ കേന്ദ്രസര്‍ക്കാരിനെയും അസമിലെ ബിജെപി സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. ബിജെപിയും ആര്‍എസ്എസും അസമിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അനധികൃത കുടിയേറ്റം സംസ്ഥാനത്തിന്റെ പ്രധാന വിഷയം തന്നെയാണ്. ചര്‍ച്ചകളിലൂടെയാണ് പ്രശ്‌നപരിഹാരമുണ്ടാകേണ്ടത്. അസം കരാര്‍ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്തും. കരാറിലെ തത്വങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്നിലുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.