X
    Categories: indiaNews

പൗരത്വമില്ലെന്ന് പറഞ്ഞ് ഒന്നവര്‍ഷം ജയിലിലടച്ചു; ഒടുവില്‍ പൗരന്‍മാരെന്ന് കോടതി

ഗുവാഹതി: ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന് ആരോപിച്ച് ഒന്നരവര്‍ഷം തടവറയിലിട്ട കുടുംബം ഇന്ത്യക്കാരെന്ന് കോടതി. അസമിലെ മുഹമ്മദ് നൂര്‍ ഹുസൈനും ഭാര് ഷെഹ്ന ബീഗത്തിനും രണ്ടു മക്കള്‍ക്കുമാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 2017 ആഗസ്റ്റിലാണ് ഷെഹ്റ ബീഗം വിദേശിയെന്ന് കാണിച്ച് അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ നൂര്‍ ഹുസൈനെതിരെയും കേസെടുത്തു.

1951 ലെ ദേശീയ പൗരത്വ രജിസ്റ്ററിലും 1956 ലെ വോട്ടര്‍പട്ടികയിലും ഇരുവരുടെയും കുടുംബത്തിന് സ്വന്തമായി ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന 1958 ലെ രേഖയും ഉണ്ടായിരിക്കെയാണ് ഇരുവര്‍ക്കെതിരെയും ഗുവാഹത്തി പൊലീസ് കേസെടുത്തത്.

അഭിഭാഷകര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ആരും ഇവരുടെ കേസേറ്റെടുക്കാന്‍ തയ്യാറായില്ല. റിക്ഷാ തൊഴിലാളിയായ നൂര്‍ ഹുസൈന്‍ ഒടുവില്‍ 4000 രൂപ സ്വരൂപിച്ച് അഭിഭാഷകനെ ഹുസൈന്‍ നിയമിച്ചെങ്കിലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇയാള്‍ പിന്‍മാറി. കേസ് മുന്നോട്ട് നടത്തിക്കൊണ്ടു പോവാനുള്ള പണം നൂറിന്റെ കൈവശം ഉണ്ടാവില്ല എന്നു പറഞ്ഞാണ് അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍മാറിയത്. അറസ്റ്റ് ഒഴിവാക്കാന്‍ ഗുവാഹത്തിയില്‍ നിന്നും പാലായനം ചെയ്യുന്നതാണ് നല്ലതെന്ന് ഈ അഭിഭാഷകന്‍ ഉപദേശവും നല്‍കി. പക്ഷെ താനെന്തിനാണ് നാടുവിടുന്നതെന്നായിരുന്നു നൂര്‍ ഹുസൈന്‍ ചോദിച്ചത്.

ഒടുവില്‍ കേസ് നടത്താനാവാതെ വന്നതോടെ 2018 മെയ് 29 ന് വിദേശ ട്രൈബ്യൂണല്‍ ഷെഹ്റ ബീഗം വിദേശിയെന്ന് വിധിച്ചു. 2019 മാര്‍ച്ച് 30 ന് നൂര്‍ ഹുസൈനെതിരെയും വിധി വന്നു. 2019 ജൂണിലാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തില്‍ അടച്ചത്. മറ്റാരും നോക്കാനില്ലാത്തതിനാല്‍ ഏഴും അഞ്ചു വയസ്സുള്ള കുട്ടികളെയും ഇവരുടെ കൂടെ തടങ്കലിലേക്ക് കൊണ്ടു വന്നു.

പിന്നീട് ഗുവാഹതിയിലെ മനുഷ്യാവകാശ അഭിഭാഷകരായ അമന്‍ വദൂദ്, സൈദ് ബുര്‍ഹനൂര്‍, റഹ്മാന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരെ നൂര്‍ ഹുസൈന്റെ കുടുംബം സമീപിച്ചതോടെയാണ് ഹൈക്കേടതിയിലേക്ക് കേസ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് വിദേശ ട്രൈബ്യൂണലിനോട് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

‘ ഞങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. ഞങ്ങള്‍ അസമിലാണ്. അവര്‍ ഞങ്ങളെ ബംഗ്ലാദേശികളാണെന്ന് ആരോപിക്കുകയും. ഞങ്ങള്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതായും പറഞ്ഞു. അതെങ്ങനെ സാധ്യമാവും. ഞാന്‍ ഇവിടെയാണ് ജനിച്ചത്,’ നൂര്‍ ഹുസൈന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അസമിലെ ഉദല്‍ഗുരി ജില്ലയിലെ ലോഡോംഗ് ഗ്രാമമാണ് നൂര്‍ ഹുസൈന്റെ ജന്‍മദേശം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: