കമാല്‍ വരദൂര്‍
ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്‍ എന്നോട് ചോദിച്ചാല്‍ 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്… അദ്ദേഹം എല്ലായിടത്തുമുണ്ട്. സുന്ദരമായ മന്ദഹാസമാണ് എവിടെയും. കുട്ടികളെയാണ് കൂടുതലിഷ്ടം. അധികം സംസാരമില്ല. കൃത്യമായ ആസുത്രണത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടി മുന്നേറുന്നു. ഖത്തല്‍ ലോകകപ്പിന്റെ തുടക്കം തന്നെ നിങ്ങള്‍ അട്ടിമറി കണ്ടില്ലേ…? ലുസൈലില്‍ സഊദി അറേബ്യക്കാര്‍ മെസിയുടെ അര്‍ജന്റീനയെ വീഴ്ത്തുന്നു. അന്ന് സ്‌റ്റേഡിയത്തിലെ വി.വി.ഐ.പി ബോക്‌സില്‍ സഊദി ദേശീയ പതാകയുമായി അറബ് ഐക്യത്തിന്റെ പ്രതീകമായി അദ്ദേഹമുണ്ടായിരുന്നു. മൊറോക്കോ ബെല്‍ജിയത്തെ തകര്‍ത്ത രാത്രിയില്‍ അതാ മൊറോക്കോ പതാകയുമായി ചിരി തൂകി അദ്ദേഹം. കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം വിന്‍സന്റ് അബുബക്കര്‍ എന്ന മുന്‍നിരക്കാരന്റെ ഗംഭീര ഗോളില്‍ ബ്രസീലിനെ തോല്‍പ്പിച്ച വേളയിലും സ്‌റ്റേഡിയത്തിലെ ക്യാമറകള്‍ ആ ചിരി ലോകത്തിന് സമ്മാനിച്ചു. സെമിയില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും കളിക്കുമ്പോള്‍ പൂര്‍ണ സമയവും അദ്ദേഹമുണ്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍.
അല്‍ബൈത്തില്‍ ഫ്രാന്‍സ് മൊറോക്കോയോ നേരിടുന്നതിന് മുമ്പ് ഒരു ഹെലികോപ്ടര്‍ ശബ്ദം അത് അദ്ദേഹത്തിന്റെ വരവായിരുന്നു. ഖലീഫ സ്‌റ്റേഡിയത്തില്‍ ക്രൊയേഷ്യയും മൊറോക്കോയും തമ്മില്‍ മൂന്നാം സ്ഥാന പോരാട്ടംഅവിടെയും അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. ഒപ്പം ഡേവിഡ് ബെക്കാം എന്ന ഇംഗ്ലീഷ് ഇതിഹാസം. അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഇന്നലെ ഖത്തറിന്റെ ദേശീയ ദിനത്തില്‍ ലോകകപ്പ് ഫൈനല്‍ ലുസൈലില്‍ വീണ്ടുമതാ അദ്ദേഹം.വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍. അല്‍ബൈത്തിലെ ഉദ്ഘാടനത്തിലും ലുസൈലിലെ സമാപനത്തിലും അകലെ നിന്ന് കണ്ടു. ചിലര്‍ പറഞ്ഞു കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം സുക് വാകഫിലുണ്ടായിരുന്നെന്ന്. ഞങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയെന്ന്… ഒരു മലയാളി വോളണ്ടിയര്‍ പറഞ്ഞുഞങ്ങള്‍ക്കിടയിലുടെ അദ്ദേഹം പോയെന്ന്. ലോകകപ്പിന്റെ ഐ.ടി സെക്ടറില്‍ ജോലി ചെയ്യുന്ന റാഷിദ് പുളിങ്ങോം പറഞ്ഞു കഴിഞ്ഞ ദിവസം അവരുടെ ഐ.ടി യോഗത്തില്‍ അദ്ദേഹം എത്തിയെന്ന്… എട്ട് സ്‌റ്റേഡിയങ്ങളിലുടെ, നഗര ഹൃദയങ്ങളിലുടെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലുടെ ചുറ്റിയടിച്ചിട്ടും ഒരിടത്ത് പോലും അദ്ദേഹത്തിന്റെ ചിത്രം കണ്ടില്ല.
ഇവിടെയെത്തിയപ്പോള്‍ കേട്ട കഥകളിലെ നായകന്‍ അദ്ദേഹമാണ്. എല്ലാവരും സംസാരത്തില്‍ പ്രകടിപ്പിക്കുന്നത് സ്‌നേഹം മാത്രം. 29 ദിവസമായിരുന്നു ലോകകപ്പില്‍ മല്‍സരങ്ങള്‍. നവംബര്‍ 20 ല്‍ തുടങ്ങി ഡിസംബര്‍ 18 ല്‍ അവസാനിച്ച ദിനരാത്രങ്ങള്‍. ഒരു ദിവസം നാല് മല്‍സരങ്ങള്‍ വീതം നടന്നു. ഈ നാല് മല്‍സര വേദികളിലും അദ്ദേഹമെത്തികളി കണ്ടു, ചാമ്പ്യന്‍ഷിപ്പ് പുരോഗതി വിലയിരുത്തി. അദ്ദേഹത്തിനൊപ്പമുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അപാരമാണ്. എല്ലാ കാര്യത്തിലും സജീവ ഇടപെടലുകള്‍ അവര്‍ നടത്തുന്നു. ലോകത്തെ വരവേല്‍ക്കുന്ന വലിയ മാമാങ്ക വേദികളില്‍ പരാതികള്‍ സ്വാഭാവികംഎന്തെങ്കിലും കാര്യമായ പരാതി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്നില്ല. ചില പാശ്ചാത്യ മാധ്യമങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണ വാര്‍ത്തകളെ പോലും അദ്ദേഹം മന്ദഹാസത്തോടെ നേരിട്ടു.
ഇസ്‌ലാം മത വിശ്വാസികളുടെ രാജ്യത്ത് മതം അനുശാസിക്കാത്തത് ഒന്നും വേണ്ട എന്ന നിലപാട് സ്വീകരിച്ചതും മന്ദഹാസത്തില്‍ തന്നെ സ്‌റ്റേഡിയങ്ങളിലും കളി വേദികളിലും മദ്യം വേണ്ട. ഈ തീരുമാനത്തില്‍ ലോകകപ്പിന്റെ മുഖ്യ നടത്തിപ്പുകാരായ ഫിഫയുടെ വലിയ മദ്യ ബ്രാന്‍ഡ് സ്‌പോണ്‍സര്‍ പോലും ഞെട്ടി. പക്ഷേ അദ്ദേഹം അചഞ്ചലനായിരുന്നു. ലേബര്‍ സെക്ടറില്‍ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാര്‍ക്ക് പോലും കളിയെ ആസ്വദിക്കാന്‍ അവര്‍ക്കായി ഫാന്‍ സോണുകള്‍. ആസ്വാദനത്തിന്റെ അത്യാധുനികതയെ അറിയാന്‍ ക്രൂയിസ് കപ്പലുകളില്‍ പോലും താമസ സൗകര്യവും ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും. യാത്രകളില്‍ തടസമുണ്ടാവാതിരിക്കാന്‍ സമ്പൂര്‍ണ ട്രാഫിക് ജാഗ്രത. എല്ലായിടത്തും എല്ലാവര്‍ക്കും ഓടിയെത്താന്‍ മെട്രോ സര്‍വീസ്. രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും സ്‌റ്റേഡിയങ്ങളിലേക്ക് സൗജന്യ ബസ് സര്‍വീസ്. അയല്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇവിടെയെത്തി കളി കാണാന്‍ അതിര്‍ത്തികളില്‍ ജാഗ്രത കുറച്ചു. പലരുമിപ്പോള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും ലോകകപ്പ് സോവനീറുകള്‍ വാങ്ങുന്നു. എന്നുമെന്നും ഓര്‍മയില്‍ സുക്ഷിക്കാനുള്ള ഖത്തര്‍ ഉപഹാരം. സാധാരണ ഫുട്‌ബോളുകളും കീ ചെയിനുകളും കളിപ്പാവകളുമെല്ലാമാണ് സോവനീറുകള്‍. പക്ഷേ ദോഹ വിടുന്നവരുടെ കൈവശമുള്ള വിദേശികളുടെ പ്രധാന സോവനീര്‍ അദ്ദേഹത്തിന്റെ ചിത്രമാണ്….ഷെയിഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, അസലാമു അലൈക്കും….