ന്യൂഡല്‍ഹി: താന്‍ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന മോദിയോട് കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ ചോദിക്കുന്നു എന്റെ മകനെവിടെ? കാവല്‍ക്കാരന്‍ എന്ന് പറഞ്ഞ് നടക്കുന്ന പ്രധാനമന്ത്രി അതിന് അര്‍ഹനല്ല എന്നാണ് ഫാത്തിമ നഫീസ് പറയുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനാണെങ്കില്‍ തന്റെ മകന്‍ നജീബ് എവിടെയാണെന്നും, നജീബിനെ അക്രമിച്ച എ.ബി.വി.പി ഗുണ്ടകളെ എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ഫാത്തിമ നഫീസ് ചോദിക്കുന്നു. തന്റെ മകനെ കണ്ടെത്തുന്നതില്‍ രാജ്യത്തെ ഉയര്‍ന്ന മൂന്ന് ഏജന്‍സികളും പരാജയപ്പെട്ടതെന്തേ എന്നും ഫാത്തിമ നഫീസ് ട്വിറ്ററില്‍ ചോദിച്ചു.
ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന 27കാരനായ നജീബ് അഹമ്മദിനെ 2016 ഒക്ടോബര്‍ പതിനഞ്ചിന് കോളേജ് ഹോസ്റ്റലില്‍ എ.ബി.വി.പി വിദ്യാര്‍ഥികളുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. എന്നാല്‍ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 9 വിദ്യാര്‍ഥികളും ആരോപണം നിഷേധിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്ന ഫാത്തിമ നഫീസിന്റെ ആവശ്യവും ഹൈക്കോടതി തള്ളുകയാണുണ്ടായത്.