ബിരിയാണിക്കൊപ്പം വിളമ്പുന്ന സലാഡ് അധികമായി ചോദിച്ചതിന് യുവാവിനെ ഹോട്ടല്‍ മാനേജറും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. ഹൈദരാബാദിലെ പഞ്ചഗുട്ടയിലെ മെറിഡിയന്‍ റെസ്‌റ്റോറന്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 32കാരനായ ലിയാഖത്ത് ആണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവാവ് മൂന്നു പേര്‍ക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതല്‍ തൈര് ചോദിച്ചതോടെ തര്‍ക്കം ഉടലെടുക്കുകയും ജീവനക്കാര്‍ മര്‍ദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി.
പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് സ്‌റ്റേഷനിലെത്തിയശേഷം യുവാവ് ഛര്‍ദിക്കാന്‍ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.