ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിക്കുമെന്ന് സാമ്പത്തിക സര്‍വേ. എന്നാല്‍ ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-24ല്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച നേടും. മുന്‍ വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.
മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്‍ഡ് കൂടിയത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ആഗോളതലത്തില്‍ ചരക്കു വില ഉയര്‍ന്നു നില്‍ക്കുന്നതില്‍ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്‍ രൂപയുടെ മൂല്യം ഇടിയുമെന്നും സര്‍വേ മുന്നറിയിപ്പു നല്‍കുന്നു. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്‍വേ പറഞ്ഞു.