X
    Categories: Video Stories

അസിമാനന്ദയെ കുറ്റവിമുക്തനാക്കല്‍; ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തി

ഇസ്ലാമാബാദ്: 2007-ലെ അജ്മീര്‍ സ്‌ഫോടന കേസില്‍ കേസില്‍ സ്വാമി അസിമാനന്ദയെ കുറ്റവിമുക്തനാക്കിയതില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍ പ്രതിഷേധം അറിയിച്ചു. 2007-ല്‍ 42 പാകിസ്താന്‍ പൗരന്മാരടക്കം 68 പേരുടെ മരണത്തിനിടയായ സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ പ്രധാന പ്രതിയാണ് അസീമാനന്ദ.

അജ്മീര്‍ സ്‌ഫോടന കേസില്‍ അസിമാനന്ദയെ കുറ്റവിമുക്തനാക്കിയതിലുള്ള പ്രതിഷേധം ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജെ.പി സിങിനെ വിളിച്ചുവരുത്തിയാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

സ്‌ഫോടനം ആസൂത്രണം ചെയ്തത് താനും കേണല്‍ പുരോഹിതും ആണെന്ന് അസിമാനന്ദ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും സമീപകാലത്ത് സംഝോത കേസിലെ പലരെയും രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇന്ത്യയില്‍ നിന്ന് ഉണ്ടാകുന്നതെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സകരിയ്യ പറഞ്ഞു.

സംഝോത കേസ് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കേസില്‍ ഇതുവരെയുള്ള കണ്ടെത്തല്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു നഫീസ് പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ തയാറാവണമെന്നും നഫീസ് പറഞ്ഞു.

അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ അംഗമായ അസിമാനന്ദ അജ്മീര്‍, സംഝോത സ്‌ഫോടനങ്ങള്‍ക്കു പുറമെ ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനത്തിലെയും പ്രതിയാണ്. 2010 മുതല്‍ ജയിലിലുള്ള ഇയാളെ, കുറ്റസമ്മത മൊഴിയുണ്ടായിട്ടും അജ്മീര്‍ സ്‌ഫോടന കേസില്‍ കുറ്റവിമുക്തനാക്കിയത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: