ന്യൂഡല്‍ഹി: മക്കാമസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതി അസീമാനന്ദക്ക് ജാമ്യം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന തെലുങ്കാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ബി.ജെ.പി. ജുഡീഷ്യറിയേയും നിയമസംവിധാനത്തേയും അവഹേളിക്കുന്നതാണ് തെലുങ്കാന സര്‍ക്കാറിന്റെ നിലപാടെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം നിയമസഭയില്‍ എ.ഐ.എം.ഐ.എം അംഗം അക്ബറുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് തെലുങ്കാനാ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി അന്വേഷണം നടത്തുമെന്നും ജാമ്യം റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചത്. അസീമാനന്ദയുടെ ജാമ്യം റദ്ദാക്കുന്നതിന് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് അക്ബറുദ്ദീന്‍ ഉവൈസി ശൂന്യവേളയില്‍ ആവശ്യപ്പെട്ടത്.
ചോദ്യം പ്രസക്തമാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി, എങ്ങനെ ജാമ്യം ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജാമ്യം റദ്ദാക്കുന്നതിന് സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും സഭയില്‍ മറുപടി നല്‍കി. ഇതാണ് ബി.ജെ.പിയെ ചോടിപ്പിച്ചത്.
വിചാരണത്തടവുകാര്‍ക്ക് ജാമ്യം ഭരണഘടനാപരമായ അവകാശമാണെന്നും ഇതിനെ എതിര്‍ക്കുന്ന റെഡ്ഢിയുടെ നിലപാട് ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും ബി.ജെ.പി വക്താവ് കൃഷ്ണ സാഗര്‍ റാവു ആരോപിച്ചു.
നാലാം നമ്പര്‍ മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സ്വാമി അസീമാനന്ദ, കൂട്ടുപ്രതി ഭാരത് മോഹന്‍ലാല്‍ ഋതേശ്വര്‍ എന്ന ഭരത് ഭായി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. 2007 മെയ് 18നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്. 2009 നവംബര്‍ 19ന് ഹരിദ്വാറില്‍നിന്നാണ് സ്വാമി അസീമാനന്ദ അറസ്റ്റിലായത്. 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.