സോള്‍: വിമാനവാഹിനിയും ആണവ അന്തര്‍വാഹിനിയും വിന്യസിച്ച് ഉത്തരകൊറിയക്കെതിരെ പടയൊരുക്കം നടത്തുന്ന അമേരിക്ക ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ ഭീഷണി നേരിടാനാണ് താഡ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെന്ന് യു.എസ് പറയുന്നു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക പ്രതിരോധ കവചം സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ കവചത്തിനുള്ള ഉപകരണങ്ങളുമായി വാഹനങ്ങള്‍ പ്രദേശത്തെത്തി.
ആണവമുക്ത കൊറിയന്‍ മേഖലയെന്ന സ്വപ്‌നത്തിന് വിരുദ്ധമാണ് താഡ് വിന്യാസമെന്ന് ചൈനയും റഷ്യയും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും അംബാസഡര്‍മാരെ വിളിച്ചുവരുത്തി ചൈന ആശങ്ക അറിയിച്ചിരുന്നു. താഡ് വിന്യാസം പരിഹരിക്കാന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടി. ഉത്തരകൊറിയക്കെതിരെ എന്ന പേരിലാണ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെങ്കിലും തങ്ങള്‍ക്കെതിരെ അത് പ്രയോഗിച്ചേക്കുമെന്ന് ചൈന ഭയക്കുന്നുണ്ട്. കുതിച്ചുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി ആകാശമധ്യേ നശിപ്പിക്കാന്‍ താഡിന് ശേഷിയുണ്ട്. ശത്രുമിസൈലിന്റെ സ്ഥാനവും അത് പതിക്കുന്ന ഇടവും കണ്ടെത്താന്‍ താഡ് സംവിധാനത്തിലെ റഡാറിന് സാധിക്കും. ചൈന പുതിയ വിമാന വാഹിനി രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്ക താഡ് വിന്യാസം ആരംഭിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ പ്രതിരോധ ഉപകരണങ്ങളുമായെത്തിയ സൈനിക ട്രൈലറുകളുടെ വീഡിയോ ദൃശ്യം കൊറിയന്‍ ടെലിവിഷനുകള്‍ പുറത്തുവിട്ടു. യു.എസ് പ്രതിരോധ കവചത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
പ്രതിരോധ ഉപകരണങ്ങളുമായി പോകുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികള്‍ എറിഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ റോഡിന് ഇരുവശവും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പ്രതിരോധ കവചം വരുന്നതോടെ ശത്രുരാജ്യങ്ങള്‍ ആദ്യം ലക്ഷ്യംവെക്കുക തങ്ങളുടെ പ്രദേശമായിരിക്കുമെന്ന് ആളുകള്‍ ഭയക്കുന്നു. താഡ് വിന്യാസത്തില്‍നിന്ന് അധികാരികള്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അമേരിക്കയുടെ പടനീക്കങ്ങള്‍ മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുടെ യുഎസ്എസ് മിഷിഗണ്‍ അന്തര്‍വാഹിനിയും വിമാനിവാഹിനി യുഎസ്എസ് കാള്‍ വിന്‍സണും കൊറിയന്‍ തീരത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. ഉത്തരകൊറിയയില്‍ കടന്നാക്രമണം നടത്താനുള്ള മുന്നൊരുക്കമാണോ ഇതെന്നും ലോകം സംശയിക്കുന്നു. മിസൈല്‍, ആണവ പരീക്ഷണം നടത്തിയ പ്രകോപനത്തിനു ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുനല്‍കി.
യു.എസ് വിമാന വാഹിനി യു.എസ്.എസ് കാള്‍ വിന്‍സണെ കടലില്‍ മുക്കുമെന്നായിരുന്നു ഇതിന് ഉത്തരകൊറിയയുടെ മറുപടി.