ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ അധികൃതരെ പിന്തുണച്ച് ഏഷ്യാനെറ്റ് ഗ്രൂപ്പ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തെ പാകിസ്താനെന്നു തന്നെയാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലക്ഷ്മി കാനാത്ത് എന്ന ട്വിറ്റര്‍ യൂസറാണ് ആദ്യം കേരളത്തെ പരിഹസിച്ചു കൊണ്ടു ട്വീറ്റ് ചെയ്തത്. പാകിസ്താന്‍ എന്നു തന്നെയാണ് കേരളം വിളിക്കപ്പെടേണ്ടത് എന്ന ട്വീറ്റിനു താഴെ സ്‌മൈലികളുമായി രാജീവ് ചന്ദ്രശേഖര്‍ പ്രത്യക്ഷപ്പെട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ചന്ദ്രശേഖരനെയും വി.മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുമുണ്ട്.
കേരളത്തെ അപമാനിച്ച സംഭവത്തില്‍ ടൈംസ് നൗവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജീവിന്റെ ട്വീറ്റ്. അതേസമയം രാജീവ് ചന്ദ്രശേഖറുടെ ട്വീറ്റിനെതിരെ ലോക്‌സഭാ എംപി ശശിതരൂര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.
കേരളത്തെ അധിക്ഷേപിക്കലാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ടൈംസ് നൗ പരാമര്‍ശം അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് കേരളത്തെ തെറ്റായ രീതിയില്‍ ടൈംസ് നൗ ചാനല്‍ പരാമര്‍ശിച്ചത്.
ഇടി മുഴങ്ങുന്ന പാകിസ്താനിലേക്ക് അമിത് ഷാ പോകുന്നുവെന്നായിരുന്നു ടൈംസ് നൗവിന്റെ പരാമര്‍ശം. ഇതിനെതിരെ മലയാളികള്‍ രംഗത്തുവന്നു. ടൈംസ് നൗവിനെ ടൈംസ് കൗ ആക്കി പ്രതിഷേധിച്ചതോടെ ക്ഷമാപണം നടത്തിയാണ് ചാനല്‍ അധികൃതര്‍ തലയൂരിയത്.