18-ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ന് തിരിതെളിയും. വൈകിട്ട് ഏഴിന് ഗെലോറ ബുങ് കര്‍ണോ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഇന്തോനേഷ്യയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നിര്‍മിച്ച 120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ള ഭീമന്‍ സ്റ്റേജാണ് ഉദ്ഘാടന പരിപാടിക്കായി ഒരുക്കിയത്. 4000 പേരടങ്ങുന്ന നൃത്തസംഘം കാണികളെ തങ്ങളുടെ നൃത്തചുവടുകള്‍ കൊണ്ട് വിസ്മിയിപ്പിക്കും.
45 രാജ്യങ്ങളില്‍ നിന്ന് 10,000ത്തിലധികം കായികതാരങ്ങള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. 572 അത്‌ലറ്റുകള്‍ അടക്കം 804 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജക്കാര്‍ത്തയില്‍ എത്തിയിട്ടുണ്ട്. ജാവ്‌ലിന് ത്രോ താരം നീരജ് ചോപ്രയാണ് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാക ഏന്തുന്നത്.
നാളെ വൈകിട്ട് ഏഴിന് പൂള്‍ബി മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇന്തോനേഷ്യയെ നേരിടും.
പ്രാഥമിക റൗണ്ടിലെ മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. മലയാളിതാരം പി.എസ് ജീന നയിച്ച വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീം ആദ്യ മത്സരത്തില്‍ കസാഖിസ്താനോട് പരാജയപ്പെട്ടു.