ഹാങ്ചോ: വിവാദം ഒരു ഭാഗത്ത്. അരുണാചല്‍ പ്രദേശ് താരങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന ചൈനക്കാരുടെ അഹന്ത നിറഞ്ഞ സമീപനത്തോട് അതേ നാണയത്തില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ച വെളളി കാഴ്ച്ചയില്‍ നിന്നും ഇന്നത്തെ ശനിയിലേക്ക് പ്രവേശിക്കുമ്പോള്‍ പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിന് സുന്ദര നഗരമായ ഹാംഗ്ഷുവില്‍ ഇന്ന് തിരശ്ശീലയുയരുന്നു. ഗെയിംസ് മല്‍സരങ്ങള്‍ നേരത്തെ ആരംഭിച്ചുവെങ്കിലും ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനം. പതിവ് പോലെ ചൈനീസ് കലാവിരുന്നിന്റെ ഓളത്തിലാവും രണ്ടാഴ്ച്ചയിലെ വന്‍കരാ മേളക്ക് തുടക്കമാവുന്നത്. ആതിഥേയരായ ചൈനക്കാര്‍ തന്നെയാവും മെഡല്‍ വേട്ടയില്‍ കരുത്ത് കാട്ടുക. ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘത്തെയുമായി എത്തിയിരിക്കുന്ന ഇന്ത്യ കടലാസില്‍ കരുത്തരാണ്. പോയ വര്‍ഷത്തില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഗെയിംസാണ് കോവിഡ് കാരണം ഒരു വര്‍ഷം നീട്ടിവെക്കപ്പെട്ടത്. കോവിഡിന്റെ പ്രധാന കേന്ദ്രമായിരുന്നു ചൈന. അതിനാല്‍ തന്നെ അങ്ങോട്ട് പോവാന്‍ പലരും ഭയപ്പെട്ടത് കാരണമാണ് ഗെയിംസ് നീട്ടിയത്. ഒക്ടോബര്‍ എട്ട് വരെ ദീര്‍ഘിക്കുന്ന മേളയില്‍ 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചായിരത്തോളം കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
വൈകീട്ട് 5-30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരഭിക്കുന്നത്. സോണി ടെന്‍ ചാനലുകളില്‍ തല്‍സമയം. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക വഹിക്കുക പുരുഷ ഹോക്കിം ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗും വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗഹൈനുമായിരിക്കും.
അതേസമയം പ്രഥമ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ച ഇന്ത്യ പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസിനാണ് ഏറ്റവും വലിയ സംഘത്തെ അയക്കുന്നത്. പുരുഷ-വനിതാ ഫുട്ബോള്‍ ഉള്‍പ്പെടെ 655 അംഗ സംഘത്തെയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക് ചൈന അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2018 ലായിരുന്നു അവസാന ഏഷ്യന്‍ ഗെയിംസ്. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമായിരുന്നു അന്നത്തെ ഇന്ത്യന്‍ സമ്പാദ്യം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും ഇതായിരുന്നു. ഇത്തവണ വലിയ സംഘത്തില്‍ നിന്നും കൂടുതല്‍ മെഡലുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡണ്ട് പി.ടി. ഉഷ പറഞ്ഞു.
ഗെയിംസില്‍ ഇന്ത്യ കാര്യമായ മെഡല്‍ പ്രതീക്ഷിക്കുന്നത് ഷൂട്ടിംഗ്, ഗുസ്തി, ബോക്സിംഗ് മല്‍സര വേദികളില്‍ നിന്നാണ്. ക്രിക്കറ്റില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല. ഫുട്ബോളില്‍ ഇതിനകം പുരുഷ സംഘം ഒരു വിജയം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മല്‍സരവും ജയിച്ചാല്‍ നോക്കൗട്ടിലെത്താം. എന്നാല്‍ വനിതാ വിഭാഗത്തില്‍ ടീമിന് ആദ്യ മല്‍സരത്തില്‍ തോല്‍വി പിണഞ്ഞിരുന്നു. ചെസില്‍ ലോക രണ്ടാം നമ്പറുകാരന്‍ പ്രഗ്യാനന്ദ ഉള്‍പ്പെടെയുളളവരും ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. അത്ലറ്റിക്സ് മല്‍സരങ്ങള്‍ അടുത്തയാഴ്ച്ച മുതലാണ്. നീരജ് ചോപ്രയും മുരളി ശ്രീശങ്കറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യം ഇവിടെയും മെഡലുകള്‍ ഉറപ്പാക്കുന്നു. ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കിയ താരമാണ് നീരജ്. ലോക ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വേദികളില്‍ കരുത്തനായിരുന്നു ശ്രീശങ്കര്‍