X

ഫിനിഷിങ് പോയിന്റില്‍ ജപ്പാന്‍ താരം കൈവെച്ചു വിലക്കി; പരാതിയുമായി ബഹ്‌റൈന്‍ അത്‌ലറ്റ്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് മത്സരത്തിലെ ആദ്യ ഇനമായ മാരത്തണ്‍ മത്സരം വിവാദത്തില്‍. മാരത്തണില്‍ സ്വര്‍ണം നേടിയ ജപ്പാന്‍ താരം ഹിരോതോ ഇനോ ഫിനിഷിങ് പോയിന്റില്‍ തന്നെ കൈവെച്ചു വിലക്കിയെന്ന് വെള്ളി നേടിയ ബഹ്‌റൈന്‍ അത്‌ലറ്റ് എല്‍ഹസന്‍ എലബാസി പരാതി നല്‍കി. ഇരുവരും ഒരേ സമയത്തിലാണ് ഫിനിഷ് ചെയ്തതെങ്കിലും ഫോട്ടോഫിനിഷില്‍ ജപ്പാന്‍ താരം സ്വര്‍ണം നേടുകയായിരുന്നു.

ഇന്തോനേഷ്യന്‍ സമയം രാവിലെ ആറിനായിരുന്നു മത്സരം. നഗരത്തിന് പുറത്തുനിന്ന് തുടങ്ങിയ 42.195 കിലോമീറ്റര്‍ ദൂരം ഓട്ടത്തിന്റെ അവസാന അഞ്ച് കിലോമീറ്ററില്‍ ഇരുവരും പൊരിഞ്ഞ പോരാട്ടമായിരുന്നു. അവസാനഘട്ടത്തിലാണ് പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്‌റ്റേഡിയത്തിലേക്ക് കടന്നത്. ഇരുവരും ഒപ്പത്തിനൊപ്പം തോളുകൊണ്ട് ഇടിച്ചിടിച്ച് ഇടതുവശത്ത് കൂടി മുന്നേറാനുള്ള ശ്രമത്തിനിടയില്‍ ജപ്പാന്‍കാരന്റെ സ്‌പൈക്‌സില്‍ തട്ടി എല്‍ഹസന്റെ ബാലന്‍സ് തെറ്റി. അവസാന 100 മീറ്ററിനിടയില്‍ ഹിരാതോയുടെ മുന്നില്‍ക്കയറാനുള്ള എലബാസിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഫിനിഷിലും കൈ വിരിച്ചുപിടിച്ച് ഹിരോതോ എലബാസിക്ക് മുന്നില്‍ തടസം തീര്‍ത്തു. ഫലം വന്നപ്പോള്‍ ഹിരോതോ ഒന്നാമത്, എലബാസി രണ്ടാമത്.

മത്സരത്തിനിടെ ജപ്പാന്‍കാരന്‍ തന്നെ തള്ളിയെന്നാണ് ബഹ്‌റൈന്‍കാരന്റെ പരാതി. ഓട്ടത്തിനിടെ സഹതാരത്തിന്റെ മുന്നേറ്റം തടയുന്നത് അയോഗ്യതവരെ വരാന്‍ തക്ക കുറ്റകൃത്യമാണ്. ബഹ്‌റൈന്‍ ഔദ്യോഗികമായി സംഘാടകര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചൈനയുടെ ബുജി ദുവോക്കാണ് വൈങ്കലം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: