ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും വെള്ളിയും വെങ്കലവും. 49 കിലോവിഭാഗം ബോക്‌സിങ്ങില്‍ അമിത് പങ്കാലും ബ്രിഡ്ജില്‍ പ്രണബ് ബര്‍ധാന്‍ – ശിബ്‌നാഥ് സര്‍ക്കാര്‍ സഖ്യവുമാണ് പൊന്നണിഞ്ഞത്. വനിതാ സ്‌ക്വാഷ് ഫൈനലില്‍ ഹോങ്കോങ് സഖ്യത്തോട് തോറ്റ സനയ്‌ന കുരുവിള – ജോഷ്‌ന ചിന്നപ്പ സഖ്യത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ പാകിസ്താനെ തോല്‍പ്പിച്ച് പുരുഷ ഹോക്കി ടീം വെങ്കലം സ്വന്തമാക്കി. ഗെയിംസ് ഇന്ന് സമാപിക്കും.
ഇതാദ്യമായി ഏഷ്യാഡില്‍ ഉള്‍പ്പെടുത്തിയ ബ്രിഡ്ജിലെ പെയര്‍ വിഭാഗത്തില്‍ ചൈനയെ പിന്നിലാക്കിയാണ് 60-കാരനായ പ്രണബും 56-കാരനായ ശിബ്‌നാഥും ഇന്ത്യയെ പൊന്‍നേട്ടത്തിലെത്തിച്ചത്. ഇന്ത്യന്‍ സംഘത്തിലെ പ്രായമേറിയ താരങ്ങളാണ് പ്രണബും ശിബ്‌നാഥും. ഇന്ത്യന്‍ സഖ്യം 384 പോയിന്റ് നേടിയപ്പോള്‍ ചൈനയുടെ ലിക്‌സിന്‍ യാങ് – ഗാങ് ചെന്‍ സഖ്യത്തിന് 378 പോയിന്റേ നേടാനായുള്ളൂ. നേരത്തെ പുരുഷ വിഭാഗത്തിലും മിക്‌സഡ് പെയര്‍ വിഭാഗത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
സ്വര്‍ണം ഇടിച്ചെടുത്ത് അമിത്
ജക്കാര്‍ത്ത: ഒളിംപിക് ചാമ്പ്യനെ ഇടിച്ചിട്ട അമിത് പങ്കാല്‍ ബോക്‌സിങ് റിങില്‍ നിന്ന് ഇന്ത്യക്കു വേണ്ടി സ്വര്‍ണം സ്വന്തമാക്കി. 49 കിലോ വിഭാഗം ഫൈനലില്‍ ഉസ്ബക്കിസ്താന്‍ താരം ഹസന്‍ബോയ് ദുസ്മതോവിനെ വീഴ്ത്തിയാണ് സൈനികനായ പങ്കാല്‍ ഇത്തവണ ബോക്‌സിങ്ങിലെ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയത്. ഏഷ്യാഡ് ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരനാണ് 22-കാരന്‍. വെങ്കലം നേടിയ വികാസ് കൃഷ്ണന്‍ ആണ് ജക്കാര്‍ത്തയില്‍ റിങ്ങില്‍ നിന്ന് മെഡല്‍ കണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. റിയോ ഒളിംപിക്‌സിലും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഹസന്‍ബോയ് ദുസ്മതോവിനായിരുന്നു ഫൈനലില്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹാംബുര്‍ഗ് ലോകചാമ്പ്യന്‍ഷിപ്പില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ സ്പ്ലിറ്റ് വെര്‍ഡിക്ടില്‍ ജയം ഉസ്ബക്കുകാരനായിരുന്നു. എന്നാല്‍, ഇതാദ്യമായി ഗെയിംസില്‍ മത്സരിക്കുന്ന അമിത് പങ്കാല്‍ തന്ത്രപരമായി നീങ്ങുകയും പ്രതിരോധത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തുകൊണ്ടാണ് മത്സരിച്ചത്. എതിരാളിയില്‍ നിന്ന് അകലംപാലിച്ച അമിത് പഞ്ചുകളില്‍ കൃത്യത പുലര്‍ത്തി. തന്നെക്കാള്‍ മൂന്നു വയസ്സ് ചെറുപ്പമായ ഇന്ത്യക്കാരന്റെ വേഗത ഹസന്‍ബോയ്ക്ക് വെല്ലുവിളിയായി. അവസാനഘട്ടമായപ്പോഴേക്ക് ഉസ്‌ബെക്ക് താരം ക്ഷീണിതനായിരുന്നു. ഹാംബുര്‍ഗില്‍ തലനാരിഴക്ക് തോല്‍വി വഴങ്ങേണ്ടി വന്ന അമിത് ഫൈനലിനു വേണ്ടി ഏറെ ഗൃഹപാഠം ചെയ്തിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു ഫൈനല്‍ മത്സരം.
ഹരിയാനയിലെ മയ്‌ന സ്വദേശിയായ അമിത് പങ്കാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനാണ് ജക്കാര്‍ത്തയിലേത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലാണ് പുറത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അമിത് വെള്ളിയും സ്വന്തമാക്കി. ബള്‍ഗേറിയയിലെ സ്റ്റാന്‍ദ്യ മെമ്മോറിയലില്‍ നടന്ന ഇന്ത്യ ഓപണില്‍ ഇന്ത്യന്‍ താരത്തിന് സ്വര്‍ണവും നേടാനായി.
ഹോക്കി: പാകിസ്താനെ തോല്‍പ്പിച്ച് പുരുഷന്മാര്‍ക്ക് വെങ്കലം
പാകിസ്താനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ വെങ്കലം സ്വന്തമാക്കി. ആകാശ്ദീപ് സിങ് മൂന്നാം മിനുട്ടില്‍ നേടിയ ഫീല്‍ഡ് ഗോളും ഹര്‍മന്‍പ്രീത് സിങ് 50-ാം മിനുട്ടില്‍ നേടിയ പെനാല്‍ട്ടി കോര്‍ണര്‍ ഗോളുമാണ് ചിരവൈരികള്‍ക്കെതിരെ ഇന്ത്യക്ക് തിളങ്ങുന്ന ജയം സമ്മാനിച്ചത്. 52-ാം മിനുട്ടില്‍ മുഹമ്മദ് ആതിഖ് പാകിസ്താനു വേണ്ടി ഗോളടിച്ചെങ്കിലും പിന്നീട് ഗോള്‍വഴങ്ങാതെ ഇന്ത്യന്‍ സംഘം ജാഗ്രത പാലിച്ചു.
ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യക്ക് സ്വര്‍ണ സ്വപ്‌നമുണ്ടായിരുന്നെങ്കിലും സെമിയില്‍ മലേഷ്യയോട് തോറ്റത് തിരിച്ചടിയാവുകയായിരുന്നു. മലേഷ്യക്കെതിരെ അലസതയാണ് തിരിച്ചടിയായതെങ്കില്‍ പാകിസ്താനെതിരെ തുടക്കം മുതല്‍ക്കേ ആധിപത്യത്തോടെയാണ് നീലപ്പട കളിച്ചത്. ഫൈനലിലെത്താനായില്ലെങ്കിലും ഏഴു മത്സരങ്ങളില്‍ നിന്നായി 80 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഹോങ്കോങിനെ 26 ഗോളുകള്‍ക്ക് തോല്‍പ്പിച്ചതടക്കം ഇന്ത്യ മിന്നും പ്രകടനം കാഴ്ചവെച്ചു. രൂപീന്ദര്‍ സിങ്, ആകാശ്ദീപ് സിങ് എന്നിവര്‍ 13 വീതം ഗോളുകള്‍ അടിച്ചുകൂട്ടി.
ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തിയെങ്കിലും നിര്‍ണായക മത്സരത്തില്‍ ജപ്പാനോട് തോറ്റ് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. റാങ്കിങില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ജപ്പാനോട് ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു തോല്‍വി. മിനാമി ഷിമിസു, മൊട്ടോമി കവാമുറ എന്നിവര്‍ ജപ്പാനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യയുടെ മറുപടി നേഹ ഗോയലിന്റെ ഗോളിലൊതുങ്ങി. ഏഷ്യാഡ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ വെള്ളിനേടുന്നത്. ടൂര്‍ണമെന്റിലുടനീളം 38 ഗോളുകള്‍ നേടിയ ഇന്ത്യ ചൈനയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വര്‍ണപ്പോരിന് ടിക്കറ്റെടുത്തത്.
മെഡല്‍ നില
(സ്ഥാനം, രാജ്യം, സ്വര്‍ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍)
1-ചൈന 132-92-65
2-ജപ്പാന്‍ 74-56-74
3-ദ.കൊറിയ 49-57-70
4- ഇന്തോനേഷ്യ 31-24-43
5-ഉസ്‌ബെക്ക് 21-24-25
6-ഇറാന്‍ 20-20-22
7-തായ്‌പെയി 17-19-31
8-ഇന്ത്യ 15-24-30
9-കസാക്ക് 15-17-43