ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെഞ്ചുറികളുടെ സഹായത്താലാണ് പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഒൻപതുവിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്താന്‍ നേടിയ 238 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇരുപത് ഓവറില്‍ തന്നെ വിജയമുറപ്പാക്കിയ പ്രകടനമാണ് നടത്തിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിതും പാക് ബൗളിംഗിനെ കശക്കി. രോഹിതിനെ തുടക്കത്തിില്‍ പുറത്താക്കാന്‍ ലഭിച്ച അവസരം പാക്കിസ്താന്‍ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി.
പാക്കിസ്താന്‍ ബാറ്റിംഗ് നിരയില്‍ മിന്നിയത് സീനിയര്‍ താരം ഷുഹൈബ് മാലിക്കായിരുന്നു. 90 പന്തില്‍ 78 റണ്‍സുമായി അദ്ദേഹമാണ് ഇന്നിംഗ്‌സിന് മാന്യത സമ്മാനിച്ചത്. യുവതാരങ്ങളെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖ്, ഫഖാര്‍ സമാന്‍, മൂന്നാം നമ്പറില്‍ കളിച്ച ബബര്‍ അസം എന്നിവര്‍ക്കൊന്നും സമ്മര്‍ദ്ദത്തെ അതിജയിക്കാനായില്ല. ഗ്യാലറിയിലെ ആരവങ്ങള്‍ക്കൊപ്പം ബാറ്റേന്തി മല്‍സരത്തിന്റെ ആവേശം തിരിച്ചു സമ്മാനിക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. സാധാരണ തകര്‍ത്തു കളിക്കുന്ന ബാറ്റ്‌സ്മാനാണ് ഫഖാര്‍ സമാന്‍. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളിലെ മോശം ഫോം കാരണം പ്രതിരോധാത്മകമായി യുവതാരം കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയും നഷ്ടമായി. 31 റണ്‍സ് നേടാന്‍ 44 പന്തുകളെടുത്തു ഫഖാര്‍. ഒരു ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു സമ്പാദ്യം. പക്ഷേ ആദ്യം പുറത്തായത് ഇമാമുല്‍ ഹഖായിരുന്നു. പാക്കിസ്താന്‍ സ്‌ക്കോര്‍ 24 ല്‍ നില്‍ക്കുമ്പോള്‍ ചാഹലിന്റെ പന്തില്‍ ഇമാം വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പക്ഷേ ഫഖാറും ബബര്‍ അസമും പൊരുതാന്‍ ശ്രമിച്ചു. രണ്ട് പേരും പ്രതീക്ഷ നല്‍കി ഒരേ സമയം മടങ്ങിയത് സ്‌ക്കോര്‍ബോര്‍ഡിനെ കാര്യമായി തന്നെ ബാധിച്ചു. സ്‌ക്കോര്‍ 55 ല്‍ നില്‍ക്കുമ്പോള്‍ കുല്‍ദീപിന്റെ പന്തില്‍ ഫഖാര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ ബബര്‍ ഒമ്പത് റണ്‍സുമായി റണ്ണൗട്ടായി. പിറകെ വന്ന നായകന്‍ സര്‍ഫ്രാസ് അഹമ്മദും മാലിക്കും ഉത്തരവാദിത്ത്വത്തോടെ കളിച്ചു. ചാമ്പ്യന്‍ഷിപ്പിലുടനീളം ഗംഭീര പ്രകടനം തുടരുന്ന മാലിക് സ്പിന്നര്‍മാരെ മനോഹരമായി കൈകാര്യം ചെയ്തു. മോശം പന്തുകള്‍ തെരഞ്ഞെടുത്ത ശിക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന് പിന്തുണ നല്‍കുന്ന റോളായിരുന്നു നായകന്. പക്ഷേ ഇടക്ക് കത്തികയറാന്‍ ശ്രമിച്ച സര്‍ഫ്രാസ് 44 ല്‍ കുല്‍ദീപിന്റെ പന്തില്‍ രോഹിത് ശര്‍മക്ക്് ക്യാച്ച്് നല്‍കി. ആസിഫ് അലിയായിരുന്നു പകരം വന്നത്. നല്ല ഷോട്ടുകളുമായി 30 റണ്‍സ് നേടി യുവതാരം. അപ്പോഴും മാലിക്കിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇന്ത്യ. സ്‌ക്കോര്‍ 203 ലെത്തിപ്പോള്‍ മാലിക്കിന്റെ പ്രതിരോധം ജസ്പ്രീത് ബുംറ ഭേദിച്ചു. ധോണിക്ക് നല്ല ക്യാച്ച്. 78 റണ്‍സായിരുന്നു മാലിക്കിന്റെ സമ്പാദ്യം. വാലറ്റത്തില്‍ മിന്നാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ,ചാഹല്‍,കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ നാല് വിക്കറ്റ് നേടിയ ജഡേജക്ക് ഇരകളെ ലഭിച്ചില്ല. ഭുവനേശ്വര്‍ കുമാറാവാട്ടെ കാര്യമായി ശിക്ഷിക്കപ്പെട്ടു. ഒമ്പത് ഓവറില്‍ 49 റണ്‍സാണ് ഭുവി വഴങ്ങിയത്. പിറകെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ആറാട്ട്്. ധവാനാണ് ആദ്യം ഫിഫ്റ്റി പിന്നിട്ടത്.