X

ഏഷ്യാ കപ്പില്‍ ഇന്ന് ഫൈനല്‍;പാകിസ്താനും ശ്രീലങ്കയും നേര്‍ക്കുനേര്‍

ദുബായ്: ക്രിക്കറ്റ് ലോകം കരുതിയത് ഇന്ത്യ അനായാസം വന്‍കരയിലെ ചാമ്പ്യന്മാരാവുമെന്നാണ്. പക്ഷേ ഇന്നത്തെ ഫൈനലില്‍ രോഹിത് ശര്‍മയുടെ ഇന്ത്യയില്ല. ബബര്‍ അസമിന്റെ പാകിസ്താനും ദാസുന്‍ ഷനാക്കയുടെ ശ്രീലങ്കയും തമ്മിലാണ് ഏഷ്യാ കപ്പിലെ കലാശപ്പോര്. ഓസ്‌ട്രേലിയന്‍ ടി-20 ലോകകപ്പ് ഒരു മാസം മാത്രം അരികെ നില്‍ക്കുമ്പോള്‍ ഇന്നത്തെ വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ വലിയ തോതില്‍ പ്രേരകമാവുമെന്ന് കരുതി തന്നെയായിരിക്കും അങ്കം. രണ്ട് ടീമുകളും കഴിഞ്ഞ ദിവസം മുഖാമുഖം വന്നപ്പോള്‍ ജയം ലങ്കക്കായിരുന്നു. പക്ഷേ പാകിസ്താന് പ്രതീക്ഷ നല്‍കുന്ന ഘടകം ചെറിയ സ്‌ക്കോര്‍ മാത്രം നേടിയിട്ടും അത് ഒരു പരിധി വരെ ചെറുത്തുനില്‍ക്കാനായി എന്നതാണ്. ഇന്ത്യക്ക് സ്വയം പഴിക്കാം. നല്ല തുടക്കത്തിന് ശേഷം സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തകര്‍ന്നുപോയി. അവസാന മല്‍സരത്തില്‍ വിരാത് കോലിയുടെ സെഞ്ച്വറിയില്‍ അഫ്ഗാനിസ്താനെതിരെ നേടാനായ വിജയം മാത്രമാണ് ആശ്വാസം.

ഇന്ത്യയില്ലെങ്കിലും ഇന്ന് ഗ്യാലറി നിറയും. ഇന്ത്യന്‍ ടീമിനോളം ലങ്കക്കും പാകിസ്താനും ദുബായിയില്‍ ആരാധകരുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഏറ്റുമുട്ടിയ പോരാട്ടത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നില്ല. എന്നിട്ടും നിരവധി പേര്‍ കളി കാണാനെത്തി. രണ്ട് ടീമുകള്‍ക്കും പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. പാകിസ്താന് പ്രശ്‌നം ബാറ്റിംഗാണ്. മുഹമ്മദ് റിസ്‌വാന്‍ എന്ന വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ മാത്രമാണ് വിശ്വസ്തന്‍. ലങ്കക്കെതിരായ മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹം വലിയ സ്‌ക്കോര്‍ സ്വന്തമാക്കുന്നതില്‍ പരാജയപ്പെട്ടത്. മറ്റ് മല്‍സരങ്ങളില്ലെല്ലാം തകര്‍പ്പന്‍ പ്രകടനമായിരുന്നു. വിരാത് കോലിക്ക് പിറകില്‍ നിലവില്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌ക്കോറര്‍ പട്ടികയില്‍ രണ്ടാമനാണ്.

നായകന്‍ ബബര്‍ അസമിന്റെ കാര്യത്തില്‍ ടീമിന് ആശങ്കയുണ്ട്. ലങ്കക്കെതിരെ അല്‍പ്പം ബാറ്റ് ചെയ്തിട്ടും സ്വതസിദ്ദമായ ശൈലിയില്‍ കളിക്കാന്‍ ബബറിനായിരുന്നില്ല. ഫകാര്‍ സമാന്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദിഫ് ഷാ, ഷദാബ് ഖാന്‍ എന്നിവര്‍ക്കൊന്നും വിശ്വസ്തരാവാനാവുന്നില്ല. ലങ്കന്‍ സ്പിന്നര്‍മാര്‍ ഇവരെ വേട്ടയാടുമെന്നുറപ്പ്. ഇതേ അവസ്ഥയില്‍ തന്നെയാണ് ലങ്കയും. പാകിസ്താന്‍ ചെറിയ സ്‌ക്കോര്‍ സ്വന്തമാക്കിയിട്ടും അത് എളുപ്പത്തില്‍ നേടാന്‍ അവര്‍ക്ക് കഴിയാത്തതിന് കാരണം ബാറ്റിംഗ് നിരയുടെ ചാഞ്ചാട്ടമാണ്. പതം നിസംഗ എന്ന ഓപ്പണര്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പ്രകടിപ്പിച്ച മികവ് പാകിസ്താനെതിരെയും പുറത്തെടുത്തിരുന്നു. കുശാല്‍ മെന്‍ഡിസ്, ധനജ്ഞയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലകെ എന്നിവരെല്ലാം ബാറ്റിംഗ് വിലാസമുള്ളവരാണ്. പക്ഷേ പ്രതിസന്ധി ഘട്ടത്തില്‍ പതറുന്നു. നായകന്‍ ദാസുന്‍ ഷനാക്ക, ഭാനുക രാജ്പക്‌സേ എന്നിവരടങ്ങുന്ന ഓള്‍റൗണ്ടര്‍മാര്‍ കരുത്ത് കാണിക്കണം.ടോസാണ് നിര്‍ണായകം. രാത്രി പോരാട്ടത്തില്‍ ടോസ് ലഭിക്കുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പാണ്. രണ്ടാമത് ബാറ്റിംഗാണ് ഇവിടെ താരതമ്യേന സുരക്ഷിതം. മല്‍സരം രാത്രി 7-30 മുതല്‍.

Test User: