X
    Categories: indiaNews

താജ്മഹലിലെ ഭൂഗര്‍ഭ അറകളുടെ ചിത്രം എ.എസ്.ഐ പുറത്തുവിട്ടു

ന്യൂഡല്‍ഹി: താജ്മഹലിന്റെ ബേസ്‌മെന്റിലെ 22 പൂട്ടിയ അറകളെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഈ സെല്ലുകളുടെ ചില ഫോട്ടോകള്‍ പുറത്തുവിട്ടു. ആറു ദിവസം മുന്‍പാണ് ഈ ഫോട്ടോകള്‍ എ.എസ്.ഐ പുറത്തുവിട്ടത്.

താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തണമെന്നും അതിന്റെ 22 മുറികളുടെ വാതിലുകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് തള്ളിയിരുന്നു. കോടതി ഉത്തരവിന് ശേഷം, എ.എസ്.ഐ ഉദ്യോഗസ്ഥര്‍ ആ മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും താജ്മഹലിന് മാത്രമുള്ളതല്ലെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും വാദിച്ചിരുന്നു.

ബേസ്‌മെന്റ് സെല്ലുകളുടെ നാല് ഫോട്ടോഗ്രാഫുകള്‍, എഎസ്‌ഐയുടെ വാര്‍ത്താക്കുറിപ്പില്‍ പ്രസിദ്ധീകരിച്ചു. അറകളുടെ സംരക്ഷണ പ്രവര്‍ത്തനത്തിന് മുന്‍പും ശേഷവുമുള്ള രണ്ട് വീതം ചിത്രങ്ങളായിരുന്നു അതില്‍. ഇത് മെയ് 5 ന് ഏജന്‍സി ചിത്രങ്ങള്‍ അതിന്റെ വെബ്‌സൈറ്റില്‍ റിലീസ് ചെയ്യുകയും മെയ് 9 ന് അതിന്റെ ഔദേ്യാഗിക ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘2021 ഡിസംബറിനും 2022 ഫെബ്രുവരിക്കും ഇടയിലാണ് ആ സെല്ലുകളില്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ 2021 ഡിസംബര്‍ മുതല്‍ ഉള്ളതാണ്- എ.എസ്.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Chandrika Web: