ന്യൂസിലാന്റിനെ 321 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര 3-0 തൂത്തുവാരി. രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 216 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ആതിഥേയര്‍ കിവീസിനു മുന്നില്‍ 475 എന്ന കൂറ്റന്‍ സംഖ്യയാണ് വിജയലക്ഷ്യമായി വെച്ചത്. എന്നാല്‍ സമനിലയിലേക്കു പോലും പൊരുതി നോക്കാതെ സന്ദര്‍ശകര്‍ 44.5 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. 59 റണ്‍സിന് ഏഴു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി 13 വിക്കറ്റെടുത്ത അശ്വിന്‍ തന്നെയാണ് കളിയിലെ താരവും.
ജയത്തോടെ ഇന്ത്യ പാകിസ്താനെ പിന്തള്ളി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ഐ.സി.സിയുടെ അടുത്ത റാങ്കിങ് അപ്‌ഡേറ്റില്‍ ഇന്ത്യയാവും മുന്നിലുണ്ടാവുക.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഇന്ത്യ 557 (വിരാട് കോഹ്‌ലി 211, അജിങ്ക്യ രഹാനെ 188, രോഹിത് ശര്‍മ 51 നോട്ടൗട്ട്), ന്യൂസിലാന്റ് 299 (മാര്‍ട്ടിന്‍ ഗപ്ടില്‍ 72, ജിമ്മി നീഷാം 71, ടോം ലഥാം 53). രണ്ടാം ഇന്നിങ്‌സ് – ഇന്ത്യ മൂന്നിന് 216 (ചേതേശ്വര്‍ പുജാര 101, ഗൗതം ഗംഭീര്‍ 50).
ന്യൂസിലാന്റിനെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ പുജാരയുടെ സെഞ്ച്വറിയുടെയും ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് 216 റണ്‍സ് കുറിച്ചത്. പുജാര സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ ക്യാപ്ടന്‍ കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഒന്നര ദിവസം ശേഷിക്കെ വന്‍ സ്‌കോര്‍ മുന്നിലുണ്ടായിരുന്ന കിവീസിന് രണ്ടാം ഓവറില്‍ തന്നെ ലഥാമിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഗപ്ടിലും (29) വില്യംസണും (27) പൊരുതാന്‍ ശ്രമിച്ചെങ്കിലും വില്യംസനെ മടക്കി അശ്വിന്‍ കളി ഇന്ത്യയുടെ വഴിയിലേക്ക് തിരിച്ചു. റോസ് ടെയ്‌ലര്‍ (32) കൂടി മടങ്ങിയതോടെ ഇന്നിങ്‌സ് എത്ര സമയം നീളുമെന്നതു മാത്രമായി ചോദ്യം. ഗപ്ടില്‍ ഒരറ്റത്ത് കടിച്ചുതൂങ്ങാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ കിവി ഇന്നിങ്‌സ് പൊളിച്ചു. രണ്ട് വിക്കറ്റുമായി ജഡേജ പിന്തുണ നല്‍കി.