X

ഓസീസ് കളിക്കാരുള്ള ലിഫ്റ്റില്‍ പോലും കയറ്റിയില്ല, ദുരനുഭവം തുറന്നുപറഞ്ഞ് അശ്വിന്‍

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ നേരിട്ട അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ താനടക്കമുള്ള ടീമംഗങ്ങള്‍ നേരിട്ട വിവേചനത്തെക്കുറിച്ചാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലെത്തിയപ്പോള്‍ ലിഫ്റ്റിനകത്ത് കയറാന്‍ പോലും അനുവദിച്ചില്ലെന്ന് താരം പറയുന്നു.

‘സിഡ്‌നിയിലെത്തിയ ശേഷം കടുത്ത നിയന്ത്രണങ്ങളോടെ ഞങ്ങള്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ കഴിയവെയായിരുന്നു സംഭവം. ഇതിനിടെയായിരുന്നു ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരനുഭവം ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. സത്യസന്ധമായി പറഞ്ഞാല്‍, അതു വളരെ അസാധാരണമായി തോന്നി. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ലിഫ്റ്റില്‍ യാത്ര ചെയ്യുമ്പോള്‍ അതില്‍ ഇന്ത്യന്‍ കളിക്കാരെ പ്രവേശിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല’, സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമായി ഓസീസ് പര്യടനത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അശ്വിന്‍.

സിഡ്‌നിയില്‍ ഗ്രൗണ്ടിനകത്തും ഇന്ത്യക്കു ഓസീസ് താരങ്ങളുടെ ഭാഗത്തു നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നു. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് നായകന്‍ ടിം പെയ്‌നിന്റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയതാണ്. അശ്വിന്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പ്രകോപിപ്പിക്കാനായി പെയ്ന്‍ മോശം വാക്കുകള്‍ ഉപയോഗിച്ചത്. മല്‍സരശേഷം അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു.

Test User: