X

ഗള്‍ഫ് നയതന്ത്ര പ്രതാപത്തിലേക്ക്-അശ്‌റഫ് തൂണേരി

അശ്‌റഫ് തൂണേരി

മധ്യപൂര്‍വ്വേഷ്യയെ മാത്രമല്ല വന്‍കിട രാഷ്ട്രങ്ങളേയും ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ ഏഷ്യന്‍ രാജ്യങ്ങളേയും പല നിലകളില്‍ ബാധിച്ച ഒന്നായിരുന്നു ഗള്‍ഫ് ഉപരോധം. 2017 ജൂണ്‍ 5 മുതല്‍ ആരംഭിച്ച ഈ പ്രതിസന്ധി ഗള്‍ഫ് മേഖലയുടെ മാത്രം രാഷ്ട്രീയ നയതന്ത്ര പ്രശ്‌നമായി ഒരിക്കലും ഒതുങ്ങുന്നതായിരുന്നില്ല. ഗള്‍ഫ് രാഷ്ട്രങ്ങളെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിടാന്‍ ഇത് വലിയൊരു കാരണമായിരുന്നു. അറബ് മേഖലയുടെ നാഡിയായി അറിയപ്പെടുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ മേഖലയൊരുമിച്ചു നിന്ന് പ്രവര്‍ത്തിച്ച് നേടേണ്ടുന്ന പലതിനും തടസ്സമായി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള വികസന കര്‍മ്മപദ്ധതികള്‍ തടയപ്പെട്ടു. ഗള്‍ഫിനെ ഉപജീവിച്ച് കഴിഞ്ഞിരുന്ന പ്രവാസികള്‍ക്കും ഈ ഉപരോധമുണ്ടാക്കിയ ആഘാതം ചില്ലറയല്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ വിള്ളലുണ്ടാക്കുന്ന സ്വാഭാവിക പ്രത്യാഘാതങ്ങളോടൊപ്പം തന്നെ അത് പോസീറ്റീവ് ഫലങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഖത്തര്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരനുമായ ജസ്റ്റിന്‍ ജംഗ്ള്‍ പൗരനും സ്‌റ്റേറ്റും, പൗരനും പൗരനും, പൗരനും പ്രവാസിയും തമ്മിലൊക്കെയുള്ള ബന്ധങ്ങളെ വിശകലനം ചെയ്ത് ജനങ്ങളില്‍ നിന്ന് സര്‍വ്വേ നടത്തി പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സ്വദേശി വിദേശി എന്ന ദ്വന്ദം ഉണ്ടാക്കിയ അകലം കുറഞ്ഞുവെന്നും രാഷ്ട്രീയ സാക്ഷരത വര്‍ധിച്ചുവെന്നും സ്വയം പര്യാപ്തമായ വ്യാവസായിക വാണിജ്യ കാര്‍ഷിക മേഖലകള്‍ രൂപീകരിക്കെപ്പടുവെന്നും കലാപരമായ ഉണര്‍വ്വ് സാധ്യമാക്കിയെന്നുമൊക്കെയുള്ള ക്രിയാത്മക ഫലവും ഉപരോധാനന്തര പഠനത്തിന്റെ തെളിവുകളായി ജംഗഌ നിരത്തുന്നുണ്ട്.
ഇത് പറയുമ്പോഴും ഗള്‍ഫ് മേഖലയിലെ സാമൂഹിക രാഷ്ട്രീയ സുസ്ഥിരതയെ ദുര്‍ബ്ബലപ്പെടുത്തിയ പലതും ഉപരോധം മൂലം സംഭവിച്ചു. നയതന്ത്ര നീക്കങ്ങള്‍ തന്നെ ‘ഫ്രീസ്’ ചെയ്യപ്പെട്ടതിനാല്‍ സാമ്പത്തിക വാണിജ്യ വ്യാപാരമേഖലകള്‍ എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യം പോലും ഇല്ലാതാക്കി. കുടുംബ ബന്ധങ്ങള്‍ തമ്മിലുണ്ടായ വിള്ളല്‍ വിശകലനങ്ങള്‍ക്കപ്പുറമുള്ള ദു:ഖകരമായ തലം സൃഷ്ടിച്ചു. മൂന്നര വര്‍ഷത്തിലധികം നീണ്ട ഉപരോധം പിന്‍വലിക്കുന്നത് സഊദിഅറേബ്യയിലെ പൈതൃക നഗരിയായ അല്‍ഉലയില്‍ 2021 ജനുവരി 4ന് നടന്ന നാല്‍പ്പിത്തിയൊന്നാമത് ജി.സി.സി ഉച്ചകോടിയിലെ ഒരു കരാറിലൂടെയാണ്. നാല്‍പ്പത്തിരണ്ടാമത് ഗള്‍ഫ് ഉച്ചകോടി റിയാദില്‍ ഇന്ന് നടക്കാനിരിക്കുന്നു. ഇതിനു മുന്നോടിയായി ഗള്‍ഫ് സന്ദര്‍ശനം നടത്തിയ സഊദിഅറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

2021 ഡിസംബര്‍ 8 നാണ് ദോഹയിലെത്തിയത്. എം.ബി.എസും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ ദോഹയില്‍ നടത്തിയ വിശദമായ കൂടിക്കാഴ്ച മേഖലയുടെ രാഷ്ട്രീയ ഉണര്‍വ്വിലേക്കുള്ള സൂചനയാണ്. അല്‍ഉലാ കരാറിന് ശേഷം ആ്ദ്യമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തി എന്ന പ്രത്യേകത ആ സന്ദര്‍ശനത്തിനുണ്ട്. അല്‍ഉലാ കരാറിന് ശേഷം സഊദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ കര, വ്യോമ, നാവിക ഗതാഗതം പുന:രാംരംഭിച്ചിരുന്നു. ഖത്തര്‍ സഊദിഅതിര്‍ത്തിയായ അബൂസംറ വഴി ഉംറ തീര്‍ത്ഥാടനം വരെ സാധ്യമായ തരത്തിലേക്ക് അത് പഴയ കാലം തിരിച്ചുപിടിച്ചു. അല്‍ഉലാ തീരുമാനപ്രകാരമുള്ള ഖത്തര്‍സഊദിഅറേബ്യ ഫോളോഅപ് കമ്മിറ്റി നിരവധി തവണ യോഗം ചേര്‍ന്ന് നടപടികളുമായി മുന്നോട്ടുപോവുകയാണ്. ആറാമത്തെ യോഗമാണ് എം.ബി.എസ് സന്ദര്‍ശന വേളയില്‍ നടന്നത്. നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ച സഊദിഅറേബ്യ ഉപരോധം അവസാനിപ്പിച്ച അധികം താമസിയാതെ തന്നെ തങ്ങളുടെ സ്ഥാനപതിയെ ഖത്തറിലേക്കയച്ചിരുന്നു. ആറുമാസം മുമ്പാണ് സഊദിഅറേബ്യയുടെ ഖത്തറിലെ പുതിയ അംബാസിഡറായി പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് സ്ഥാനമേറ്റത്. സൗഹൃദവും നയതന്ത്രവും പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്‍ ധാരണയിലെത്തിയിട്ടും യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സന്ദേഹം ബാക്കിവെച്ചിരുന്നു. നേരിയ അഭിപ്രായവ്യത്യാസങ്ങളുടെ സൂചനകള്‍ നല്‍കുന്ന പ്രസ്താവനകളൊക്കെ പുറത്തുവന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഖത്തറും സംയുക്ത സമിതി യോഗം ചേര്‍ന്നുവെങ്കിലും 2021 ഒക്ടോബര്‍ ആദ്യവാരം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യുട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ഖത്തര്‍ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര തിരിച്ചുവരവിലെ മുഖ്യ വഴിത്തിരിവായി മാറി. പിന്നീട് ഔദ്യോഗികമായും അല്ലാതേയും കൂടിക്കാഴ്ചകള്‍ നടക്കുകയുണ്ടായി. അതിനിടെ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 യു.എ.ഇയില്‍ ഈ വര്‍ഷം ആഘോഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയുണ്ടായി. യു.എ.ഇ സര്‍ക്കാരിന്റെ മീഡിയാ ഓഫീസ് പുറത്തുവിട്ട ഒരു ബ്രോഷര്‍ തങ്ങള്‍ക്ക് ചോര്‍ന്ന്് കിട്ടിയെന്ന് വിശദീകരിച്ച് ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തര്‍ ദേശീയ പതാക ബുര്‍ജ് ഖലീഫ ഉള്‍പ്പെടെ ലോകോത്തര കെട്ടിടങ്ങള്‍ക്കുമേല്‍ പറക്കുമെന്നും ദുബൈ ഗ്ലോബല്‍ വില്ലേജിലും ദുബൈ എക്‌സ്‌പോയിലും പ്രത്യേക ഖത്തര്‍ ദേശീയ ദിനാചരണമുണ്ടാവുമെന്നും ഈ രേഖ പറയുന്നതായി ദോഹ ന്യൂസ് വിശദീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഖത്തറില്‍ നടന്ന ഫിഫ ക്ലബ്ബ് ഫുട്‌ബോളുകള്‍ക്കും ഇപ്പോള്‍ തുടരുന്ന ഫിഫ അറബ് കപ്പിലുമെല്ലാം സജീവ സാന്നിധ്യമായി യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളെപ്പോലെ ബഹ്‌റൈനും പങ്കെടുക്കുന്നുണ്ട്. ബഹ്‌റൈന്‍ ഉന്നത തല പ്രതിനിധി ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തയും പ്രസിദ്ധീകരിച്ചുവന്നു. ഇതും ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മില്‍ ബന്ധം ശക്തമാകാനിടയുള്ള ശുഭസൂചനയാണ്. ഇന്ന് റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടി അല്‍ഉല കരാറിന്റെ പുരോഗതി വിലയിരുത്തുമെന്നും ഗള്‍ഫ് നയതന്ത്ര രംഗത്ത് ഊഷ്മളമായ ചുവടുവെപ്പുകള്‍ക്ക് കാരണമായേക്കുമെന്നും നമുക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

 

Test User: