പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടന്‍ ടിനി ടോം വെളിപ്പെടുത്തി. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരിക്കും സിനിമാ നിര്‍മിക്കുക. മലയാളത്തിലെ പ്രസിദ്ധ സൂപര്‍ സ്റ്റാര്‍ ഇതില്‍ വേഷമിടുമെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഈ മാസം 19ന് ദുബൈയില്‍ സംഘടിപ്പിക്കുന്ന ‘സഫലമീ യാത്ര’ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയ ടിനി ടോം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഷ്‌റഫ് താമരശ്ശേരി തനിക്കേറെ ആവേശം പകര്‍ന്ന വ്യക്തിത്വമാണെന്ന് ടിനി പറഞ്ഞു. വലിയൊരു പാഠശാലയാണ് അഷ്‌റഫിന്റെ ജീവിതം. പ്രവാസ ലോകത്ത് യാതൊരു സ്വാര്‍ത്ഥ താല്‍പര്യവുമില്ലാതെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതില്‍ വര്‍ഷങ്ങളായി സ്തുത്യര്‍ഹ പ്രവര്‍ത്തനം നടത്തുന്ന അഷ്‌റഫിനെ പരിചയപ്പെട്ട നാള്‍ മുതല്‍ ഇഷ്ടം കൂടിയതാണ് താനെന്നും അദ്ദേഹം പറഞ്ഞു. അഷ്‌റഫിന്റെ കഥയറിഞ്ഞപ്പോള്‍ കൂടുതല്‍ അറിയാനായി പലകുറി സമീപിച്ചു. എന്നാല്‍, മിക്കപ്പോഴും മൃതദേഹങ്ങള്‍ അയക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാകും അഷ്‌റഫ്. സംസാരിക്കാനൊരുങ്ങി വരുമ്പോഴാകും ഒരു മൃതദേഹവുമായി ബന്ധപ്പെട്ട ഫോണ്‍ കോളെത്തുന്നത്. പിന്നെ, മറ്റെല്ലാം മറന്ന് അദ്ദേഹം ആ പുണ്യകര്‍മത്തില്‍ മുഴുകും. ഇങ്ങനെയൊരാള്‍ ഇത്ര ഉയര്‍ന്ന സാമൂഹിക ബോധത്തോടെ നമുക്കിടയില്‍ ബഹളങ്ങളില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുവെന്നത് മാതൃകാപരവും അതിനെക്കാളേറെ അദ്ഭുതകരവുമാണ്. ഇത്തരം മനുഷ്യരുടെ ജീവിതമാണ് വരുംതലമുറക്ക് മുന്നില്‍ നാം പരിചയപ്പെടുത്തേണ്ടതെന്നും അതിനാലാണ് അദ്ദേഹത്തിന്റെ കഥ സിനിമയാക്കാന്‍ പോകുന്നതെന്നും ടിനി വ്യക്തമാക്കി. നല്ലൊരു പ്രൊഡ്യൂസറുണ്ടാകും. സിനിമയുടെ മറ്റു വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ടിനി, തനിക്കും സതീഷിനും (കോമഡി ഉല്‍സവം ഫെയിം) ഈ സിനിമ സാക്ഷാത്കരിക്കുന്നതില്‍ പങ്കുണ്ടാകുമെന്നും പറഞ്ഞു. തന്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് പ്രതികരിക്കേവേ, തന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുന്നുവെന്നതാണ് തൃപ്തിയെന്നും അതില്‍ എന്തെങ്കിലും മൂല്യമുണ്ടായതു കൊണ്ടാവാം സിനിമയാക്കാനുള്ള ആഗ്രഹമെന്നും അതിന് സഹായങ്ങള്‍ നല്‍കുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. നാലായിരത്തി അഞ്ഞൂറിലധികം മൃതദേഹങ്ങള്‍ താന്‍ അവരവരുടെ ജന്മനാടുകളിലേക്ക് അയച്ചു കൊടുത്തുവെന്നും ആരില്‍ നിന്നും എന്തെങ്കിലും പ്രതിഫലം പറ്റിയല്ല അത് നിര്‍വഹിച്ചിട്ടുള്ളതെന്നും ആ പ്രവര്‍ത്തനം തുടരുമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
ടി.എ റസാഖിന്റെ സംവിധാനത്തില്‍ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ മുന്‍പൊരു ശ്രമമുണ്ടായിരുന്നു. അതിനിടക്കായിരുന്നു റസാഖ് നിര്യാതനായത്. പിന്നീടിപ്പോഴാണ് ടിനി ടോം ഇതുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നത്. മമ്മൂട്ടിയായിരിക്കും നടന്‍ എന്നാണ് കരുതുന്നത്.