കഴിഞ്ഞ ദിവസം വിദേശത്ത് വച്ച് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി പരിശ്രമിച്ച സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് വൈറല്‍. പ്രണയ നൈരാശ്യത്താലാണ് ഈ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അധ്വാനിച്ചു കിട്ടുന്ന പണം മുഴുവന്‍ കാമുകിക്കായിരുന്നു അയച്ചിരുന്നത്. വീട്ടില്‍ തളര്‍ന്നു കിടക്കുന്ന അച്ഛനോ അമ്മക്കോ ചില്ലിക്കാശ് പോലും അയച്ചിരുന്നില്ല. അമ്മ വീടുപണിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. ഒടുക്കം കിട്ടിയ പണവും കൊണ്ട് കാമുകി വേറൊരാളൊപ്പം പോയി. മനോവിഷമത്താല്‍ ഇയാള്‍ ആത്മഹത്യ ചെയ്തു.
അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് മുഴുവന്‍ വായിക്കാം:
ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതില്‍ ഒന്ന് കണ്ണൂര്‍ സ്വദേശിയായ ഒരു ചെറുപ്പക്കാരന്റെതാണ്.തൂങ്ങി മരണമായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്ത് വരുകയായിരുന്നു.എപ്പോഴും സന്തോഷത്തോടെ കളിച്ച് ചിരിച്ച് നടക്കാറുളള ഈ ചെറുപ്പക്കാരന്‍ കഴിഞ്ഞ ഒരാഴ്ച ആരോടും സംസാരിക്കാതെ റൂമില്‍ തന്നെ ഒതുങ്ങി കഴിയുകയായിരുന്നു.കൂടെ താമസിക്കുന്നവര്‍ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുമ്പോള്‍ സുഖമില്ലായെന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.ആരും റൂമില്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.ഒരു കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഈ ചെറുപ്പക്കാരന്‍,കുറച്ച് നാളായി ജോലിക്ക് പോകാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുന്ന അപ്പന്റെയും മറ്റ് രണ്ട് സഹോദരങ്ങളുടെയും പ്രതീക്ഷയായിരുന്നു,സ്വയം ഹത്യക്ക് കീഴടങ്ങിയ ഈ യുവാവ്.അമ്മ വീട്ട് പണിക്ക് പോയിട്ട് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഷ്ടിച്ച് കഴിഞ്ഞ് പോകുന്നത്.
ആത്മഹത്യ ചെയ്യുവാനുളള കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രണയ നൈരാശ്യമായിരുന്നു.കഴിഞ്ഞ ആഴ്ച ഇദ്ദേഹം സ്‌നേഹിച്ച പെണ്‍കുട്ടി മറ്റൊരു ആളോടപ്പം ഇറങ്ങി പോയത്ര. ആ വേദന സഹിക്കാതെ വന്നപ്പോഴാണ് അയാള്‍ ആത്മഹത്യ തെരഞ്ഞെടുത്തത്.കഴിഞ്ഞ ഒരു വര്‍ഷമായി ഈ പെണ്‍കുട്ടിക്കാണ് അയാള്‍ പൈസ അയച്ചോണ്ടിരുന്നത്. ഇത്രയുമധികം കഷ്ടപ്പെടുന്ന സ്വന്തം അമ്മക്കും കുടുംബത്തിനും ഒരു ചില്ലി കാശ് പോലും ഇദ്ദേഹം അയച്ചിട്ടില്ല.
നോക്കു ഇന്നത്തെ യുവത്വം എങ്ങോട്ടാണ് പോയി നില്‍ക്കുന്നത്. അവര്‍ക്ക് ജന്മംനല്‍കിയ അച്ഛനെയും അമ്മയെയും പോലും നോക്കുവാന്‍ സമയമില്ലാതെ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ട് ചെന്നിടുന്ന,മക്കളുടെ ലോകത്താണ് നമ്മുക്കും ജീവിക്കേണ്ട ഗതിക്കേട് വന്നിരിക്കുന്നത്.മകന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ പാനീയം പോലും വേണ്ടെന്ന് വെച്ച് അലമുറയിട്ട് കരയുന്ന അമ്മയുടെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. സാറെ അവസാനമായി എന്റെ പൊന്ന്‌മോനെ ഒരു നോക്ക് കാണുവാന്‍ അവന്റെ ശരീരം ഒന്ന് നാട്ടില്‍ അയച്ച് തരാമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് പോലും വിഷമം നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ല. സ്വന്തം അമ്മയെ പോലും നാേക്കുവാന്‍ കഴിയാത്ത മകന്‍ ജീവിച്ചിരിക്കുന്നതിനെക്കാളും മരിക്കുന്നതാണെന്ന് നല്ലതെന്ന് നമ്മുക്ക് ചിന്തിക്കുവാന്‍ കഴിയും.പക്ഷെ അമ്മക്ക് അങ്ങനെയല്ലല്ലോ,മക്കള്‍ എന്ത് തെറ്റ് ചെയ്താലും ലോകത്ത് ക്ഷമിക്കുന്ന ഒരേ ഒരാള്‍ മാതാവ് മാത്രമായിരിക്കും.
പൊന്നുമോനെ നീ നിന്റെ അമ്മയെ കുറിച്ച് ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ആത്മഹതൃ ചെയ്യുമായിരുന്നോ,നിന്നെ വേണ്ടാത്തവര്‍ക്ക് വേണ്ടി നീ ജിവിതം നശിപ്പിച്ചു.നിനക്ക് ജന്മം നല്‍കിയവര്‍ക്ക്,അതോടപ്പം നിനക്ക് വേണ്ടി ജീവിച്ചവര്‍ക്ക് നീ നല്‍കിയത് തീരാ വേദനയാണ്.
ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതം ആസ്വദിക്കു. നമ്മുക്ക് വേണ്ടി,നമ്മളില്‍ പ്രതീക്ഷവെച്ച് പുലര്‍്തുന്നവര്‍ക്ക് വേണ്ടി ജീവിക്കു.