ദുബൈ: വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി വിലയിടുന്ന എയര്‍ഇന്ത്യയുടെ നീചമായ രീതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ അഷ്‌റഫ് താമരശ്ശേരി.
മൃതദേഹത്തോടുള്ള എയര്‍ ഇന്ത്യയുടെ അനാദരവിനെതിരെ ഗാന്ധി ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെന്നും ഇതടക്കമുള്ള പ്രവാസി സമൂഹത്തിന്റെ പ്രക്ഷോഭ നീക്കങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇരട്ടിയാക്കിയ നിരക്ക് റദ്ദാക്കിയതെന്നും അഷ്‌റഫ് താമരശ്ശേരി ചന്ദ്രികയോട് പറഞ്ഞു.
നിരാഹാര സമരത്തില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.
മൃതദേഹം പച്ചക്കറി പോലെയുള്ള ചരക്ക് ആയി കൈകാര്യം ചെയ്യുന്ന അങ്ങേയറ്റത്തെ മോശമായ സമീപനമാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. മാന്യമായി അന്തസ്സോടെ ജീവിച്ചയാള്‍ മരിക്കുന്നതോടെ അമാന്യമായി പരിചരിക്കപ്പെടുന്നു. മറ്റു പല രാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ സൗജന്യമായാണ് തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. ഇന്ത്യക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് നിരക്ക് ഈടാക്കണമെന്നാണെങ്കില്‍ അത് താങ്ങാവുന്ന നിലയില്‍ നിജപ്പെടുത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.