X

‘കോടതിക്കറിയാം ഹാദിയയെ എങ്ങനെ കേള്‍ക്കണമെന്ന്’; അശോകന്റെ വാദം തള്ളി കോടതി

ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കുടുംബത്തിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഹാദിയയെ അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നായിരുന്നു അശോകന്റെ ആവശ്യം. കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ഈ മാസം 27-നാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും പോപ്പുലര്‍ഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെ സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും അശോകന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഹാദിയയെ മതപരിവര്‍ത്തനം നടത്തിയത് സൈനബയാണെന്നും അശോകന്‍ ആരോപിച്ചിരുന്നു.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് നേരത്തെ അശോകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഹാദിയയുടെ മൊഴി തുറന്ന കോടതി മുറിയില്‍ തന്നെ കേള്‍ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹാദിയയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴി എടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴിയെടുത്തത്. 2 ദിവസം കൊണ്ടാണ് അന്വേഷണ സംഘം ഹാദിയയുടെ മൊഴി എടുത്തത്.

chandrika: