വൈക്കം: മകള്‍ ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ പോരാടുമെന്ന് പിതാവ് അശോകന്‍. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ഹാദിയ.
മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അശോകന്‍ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങളുടെ വിവാഹസമയത്ത് ഞങ്ങള്‍ ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചിരുന്നു. അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മതിയെന്നായിരുന്നു. മകള്‍ക്ക് വേണ്ടിയാണ് എല്ലാ സമ്പാദ്യവും. അവളുടെ നന്‍മക്ക് വേണ്ടി എല്ലാം ചെയ്തു. പിന്നെ ഞാനെങ്ങനെ ഈ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകും? ഷെഫിന്‍ ജഹാനെപ്പോലെയൊരു തീവ്രവാദിയെ വിവാഹം കഴിക്കുന്നത് തനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവളെ തിരിച്ചുകൊണ്ടുവരാന്‍ ഞാനെല്ലാ സമ്പാദ്യവും ഉപയോഗിക്കും’അശോകന്‍ പറഞ്ഞു.
താന്‍ സിഗരറ്റും വലിച്ചും മദ്യപിച്ചും ആശ്വാസം തേടുമ്പോള്‍ എന്റെ ഭാര്യ പൊന്നമ്മ എന്തു ചെയ്യുമെന്നും അശോകന്‍ ചോദിക്കുന്നു. അവള്‍ സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നിറങ്ങും, പക്ഷേ എനിക്കറിയാം അവള്‍ വൈക്കത്തപ്പന്റെ മുന്നില്‍ കരഞ്ഞ് സങ്കടം പറയാന്‍ പോകുന്നതാണെന്ന്. അവള്‍ക്കതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. കോടതിവിധിയെത്തുടര്‍ന്ന് കോളേജിലേക്ക് പോകുമ്പോള്‍ ഹാദിയയുടെ കയ്യില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പണമുണ്ടായിരുന്നില്ലെന്നും, അതിനായി ആറായിരം രൂപ നല്‍കിയെന്നും അശോകന്‍ പറയുന്നു. മെയ് 24മുതല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്നായിരുന്നു മാതാവ് പൊന്നമ്മയുടെ പ്രതികരണം. കഴിഞ്ഞ രണ്ടു വര്‍ഷമായി മകളെ തിരിച്ചുകിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് താനെന്നും ഹാദിയ തന്നേയും ഇസ്ലാം മതത്തിലേക്ക് വരാന്‍ ക്ഷണിച്ചിരുന്നുവെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.
കോളേജിലെത്തിയ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി സംസാരിച്ചെന്ന് കോളേജ് ഡീന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഫോണില്‍ നിന്നാണ് ജെഫിനുമായി സംസാരിച്ചതെന്നും അതിനുശേഷം ഹാദിയയെ കൂടുതല്‍ ആശ്വാസവതിയായി കണ്ടെന്നും ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജ് ഡീന്‍.ജി. കണ്ണന്‍ പറഞ്ഞിരുന്നു. .
ലോക്കല്‍ ഗാര്‍ഡിയന്‍ എന്ന നിലയില്‍ ആരെയെങ്കിലും കാണുകയോ, സംസാരിക്കുകയോ ചെയ്യണമോ എന്ന് താന്‍ ഹാദിയയോട് ചോദിച്ചു. ഷെഫിന്‍ ജഹാനെ വിളിക്കണമെന്നാണ് ഹാദിയ പറഞ്ഞത്. അതനുസരിച്ച് ബുധനാഴ്ച്ച ഷെഫിനെ വിളിക്കുകയായിരുന്നുവെന്ന് കോളേജ് ഡീന്‍ പറഞ്ഞു. ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം കൂടുതല്‍ ആശ്വാസവതിയായിട്ടാണ് ഹാദിയയെ കണ്ടത്. ഹാദിയക്ക് ആരെയെങ്കിലും കാണുന്നതിനോ സംസാരിക്കുന്നതിനോ യാതൊരു വിലക്കുമില്ലെന്നും ഡീന്‍ വ്യക്തമാക്കി. അതേസമയം, കോളേജിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.