അശ്‌റഫ് തൂണേരി
ദോഹ
പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് സാന്ത്വനവും സഹായവുമായി ഖത്തറുള്‍പ്പെടെ അറബ് രാജ്യങ്ങള്‍ രംഗത്തുവന്നത് മലയാളി തൊഴിലാളി സമൂഹത്തോടുള്ള ആദരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ജര്‍മ്മനിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ ദോഹയിലിറങ്ങിയ അദ്ദേഹം ബെസ്റ്റ് വെസ്‌റ്റേണ്‍ ഹോട്ടലില്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’യുമായി സംസാരിക്കുകയായിരുന്നു.
ഖത്തറിന്റെ വികാസത്തിന് മലയാളി പ്രവാസികള്‍ നല്‍കുന്ന സമര്‍പ്പണത്തിനുള്ള നന്ദിയാണ് ഭരണാധികാരികള്‍ കാണിച്ചത്. കേരളീയരായവരെ അന്തസ്സോടെ പരിഗണിക്കുന്നുവെന്നതിന് തെളിവാണ് ദുരന്ത വേളയില്‍ അവര്‍ പ്രകടിപ്പിച്ച മഹാമനസ്‌കത. അറബ് രാജ്യങ്ങളുടെ സ്‌നേഹം അനുഭവിക്കുന്നവരാണ് നാം. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ സംഭാവനകളര്‍പ്പിക്കാന്‍ പ്രവാസികളെ പ്രാപ്തരാക്കുന്നത് അവരാണ്. കേരളത്തോട് എന്നും സ്‌നേഹമുള്ള ജനതയാണ് അറബ് സമൂഹമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്താകമാനം മലയാളിക്ക് അന്തസ്സുണ്ടായിരിക്കുകയാണ്. ലോക രാജ്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ പലരും നാം മലയാളിയാണെന്ന് തിരിച്ചറിയുമ്പോഴുള്ള പ്രതികരണം സന്തോഷം നല്‍കുകയാണ്.
യാത്രയിലുടനീളം നമ്മോട് സംസാരിക്കുന്നവര്‍ ഒത്തൊരുമയോടെ ദുരന്തം കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിക്കുകയാണ്. ജാതിയും മതവുമില്ലാതെ കക്ഷി രാഷ്ട്രീയമില്ലാതെ നാം ഐക്യപ്പെട്ടിട്ടുണ്ട്. മത സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം ഹിന്ദുത്വ ക്യാമ്പുകളെ അസ്വസ്ഥരാക്കുന്നുവെന്നത്് യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയം മാത്രം ആലോചിക്കുവര്‍ക്ക് ദുരിതത്തിലും അതേ ചിന്തിക്കാനാവൂ. ആര്‍ എസ് എസ് വിഭാഗങ്ങള്‍ പൂര്‍ണ്ണമായും ഇക്കാര്യത്തില്‍ ഒറ്റപ്പൈട്ടുവെന്ന് നമുക്ക് ബോധ്യമാവുമെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
പ്രകൃതി ദുരന്തങ്ങള്‍ പാഠമാവണമെന്നാണ് നമ്മെ ഈ പ്രളയം പഠിപ്പിക്കുന്നത്.
യൂറോപ്പിലൊക്കെയുള്ളതുപോലെ പ്രകൃതിയെ നോവിക്കാതെയുള്ള വികസനത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്. വികസനം വേണ്ടെന്ന നിലപാട് ശരിയല്ല. അതേസമയം പ്രകൃതി പ്രതിഭാസത്തിന് ഭൂമിയെ ഒരുക്കി നിര്‍ത്തുന്ന തരത്തിലുള്ളതാവണം നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ റോഡ് നിര്‍മ്മാണ രീതിയുള്‍പ്പെടെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് പറയാനാവില്ല. തമിഴ്‌നാട്ടിലൊക്കെയുള്ള റോഡുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ബോധ്യപ്പെടും. ഒരു മഴക്കാലമാവുമ്പോഴേക്കും പൊട്ടിപ്പൊളിയുന്ന തരത്തിലുള്ളതില്‍ നിന്ന് മാറി പ്രകൃതിയുടെ സ്വഭാവം പരിഗണിക്കുന്ന രൂപത്തിലുള്ള ഈടുറ്റ നിര്‍മ്മാണ രീതിയാണ് ആലോചിക്കേണ്ടത്. അത്തരം എഞ്ചിനീയറിംഗാണ് അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.