X
    Categories: MoreViews

കരുനീക്കങ്ങളുമായി അശോകന്റെ അഭിഭാഷകന്‍; ഹാദിയക്ക് മാനസിക വിഭ്രാന്തി, മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ മനോനില ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നാണ് കുടുംബത്തിന്റെ പുതിയ വാദം. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയാണ്. അവരെ വേദനിപ്പിക്കുകയും ചെയ്യുന്നു. ഇന്നലെ യാത്രക്കിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. മാതാപിതാക്കളോട് മോശമായാണ് പെരുമാറിയത്. ഇക്കാര്യമെല്ലാം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാദിയ താന്‍ മുസ്ലീം ആണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും പറഞ്ഞിരുന്നു. ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കരുനീക്കങ്ങളുമായി അശോകനെത്തുന്നത്. നേരത്തെ എന്‍.ഐ.എയോടും ഹാദിയ ഇക്കാര്യം വ്യക്തമാക്കുകയും എന്‍.ഐ.എ ഇത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് ഹാദിയക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് കേള്‍ക്കുക.

അതേസമയം, ഹാദിയക്കെതിരെയാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടുണ്ട് . ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും എന്‍.ഐ.എ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് നാലു മുദ്ര വെച്ച കവറുകളിലായാണ് സുപ്രീം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്. ഇതില്‍ ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിന്‍ ജഹാന്‍, അശോകന്‍, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികള്‍, സൈനബ, അബൂബക്കര്‍ തുടങ്ങി 15 ഓളം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും ആരും നിര്‍ബന്ധിച്ചിട്ടല്ല മതം മാറിയതെന്നും ഹാദിയ നേരത്തെ നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ ഈ മൊഴി കണക്കിലെടുക്കാനാകില്ലെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും എന്‍.ഐ.എ പറയുന്നു. ഡല്‍ഹിയിലെത്തിയ ഹാദിയ കേരളഹൗസില്‍ അതീവ സുരക്ഷയിലാണ് കഴിയുന്നത്.

chandrika: