ജയ്പൂര്‍: രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ബിജെപി സൃഷ്ടിച്ച വ്യാജ പ്രചാരണമാണ് ലൗ ജിഹാദെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. സ്വന്തം മതത്തില്‍ നിന്നായായും മറ്റു മതത്തില്‍ നിന്നായാലും ആരെങ്കിലും വിവാഹം കഴിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ നിയപരമായ ഇടപെടുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് തടയാനെന്ന പേരില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേക നിയമം കൊണ്ടുവരുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഗെഹലോട്ട്.
രാജ്യത്തെ വിഭജിക്കാനും സാമൂഹിക ഐക്യം ഇല്ലാതാക്കാനും ബിജെപി സൃഷ്ടിച്ചതാണ് ലൗ ജിഹാദ്. വിവാഹം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതില്‍ നിയമം വഴി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഈ നിയമം ഒരു കോടതിയിലും നിലനില്‍ക്കില്ല-ഗെഹലോട്ട് ട്വീറ്റ് ചെയ്തു.
ലൗ ജിഹാദിന്റെ പേരില്‍ മറ്റുമതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമം. മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗെഹലോട്ടിന്റെ വിമര്‍ശനം.