റഹൂഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി (മലപ്പുറം): തായ്‌ക്വോണ്ടോയില്‍ സുവര്‍ണ്ണ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ ആഷിഖ് ഇ.സി ജൈത്രയാത്ര തുടരുന്നു. ഒരേ സമയം മത്സരാര്‍ത്ഥി, പരിശീലകന്‍, റഫറി തുടങ്ങിയ നിലയില്‍ തിളങ്ങി നാടിന് അഭിമാനമായിരിക്കുകയാണ് മുപ്പത്തി എട്ടുകാരനായ ആഷിഖ്.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ അടിമാലിയില്‍ നടന്ന ഇരുപത്തഞ്ചാമത് സംസ്ഥാന സീനിയര്‍ തയ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 40 പൂംസെ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി.സെപ്തംബര്‍ 9 മുതല്‍ ആസാമില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഈ വിഭാഗത്തില്‍ ഗോള്‍ഡ് മെഡലോടെ ഹാട്രിക്കിന് ഉടമയായിരിക്കുകയാണ് ആഷിഖ് .
2022 ല്‍ കൊറിയ ചൈന എന്നീ രാജ്യങ്ങളില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ച ആഷിഖ് വിവിധ സംസ്ഥാനങ്ങളിലായി നടന്ന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഇത് വരെ ആറ് സ്വര്‍ണ്ണം, മുന്ന് വെള്ളി, ഏഴ് വെങ്കലം എന്നിവ നേടിയിട്ടുണ്ട്. 2020 ലെ ജപ്പാന്‍ ഒളിമ്പിക്സിന് വേണ്ടി ചൈനയില്‍ നടന്ന റഫറി പരിശീലനത്തില്‍ പങ്കെടുത്ത് റഫറിപാനലില്‍ ഇടം നേടിയിരുന്നു. കൂടാതെ ഏഷ്യന്‍ കോച്ച് ലൈസന്‍സ് കോഴ്‌സ്, കൊറിയ തായ്‌ക്വോണ്ടോ അസോസിയേഷന്‍ നടത്തിയ തായ്‌ക്കോണ്ടോ പൂംസേ സ്‌പെഷല്‍ ട്രെയിനിംഗ് എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി മെരുവിന്‍ കുന്നിലെ ഏലച്ചോല അബൂബക്കര്‍ – ആമിന ദമ്പതികളുടെ മകനായ ആഷിഖ് ചെന്നെയിലെ തമിഴ്‌നാട് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌പോര്‍ട്‌സില്‍ എം.ബി.എ കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ കൂട്ടിലങ്ങാടി ഹില്‍ ക്ലബില്‍ തായ്‌ക്വോണ്ടോ പരിശീലകനാണ്.
ഭാര്യ: നുസ്‌റത്ത് സിയ, സിവാ ,സൈവാ എന്നിവര്‍ മക്കളാണ്.