കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് മറപടിയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കോളേജില്‍ ചുവരെഴുത്ത് നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ആഷിഖ് അബുവിന്റെ പ്രതികരണത്തെ എതിര്‍ത്ത് കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമയില്‍ ആ അംശ്ലീല ചുവരെഴുത്ത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു ടീച്ചറുടെ ചോദ്യം. അതിന് മറുപടിയുമായാണ് ഇപ്പോള്‍ ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലുള്ള ചുവരെഴുത്തുകള്‍ തെറ്റാണെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളെ ജയിലിലടച്ച നടപടി ശരിയായില്ലെന്നും ആഷിഖ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ടീച്ചര്‍ക്ക് മറുപടിയായി ആഷിഖ് അബു എത്തിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബഹുമാന്യ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍,
മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്ന് നിങ്ങളെപോലെതന്നെ കരുതുന്നയാളാണ് ഞാനെന്ന് ആദ്യമേ പറയട്ടെ. ആ പോയിന്റില്‍ തര്‍ക്കമില്ല ടീച്ചര്‍. അത് ചെയ്തവരെ തിരുത്തുകയും വേണം. അതിലും തര്‍ക്കമില്ല. വിയോജിപ്പുള്ളത് മറ്റുപല കാര്യങ്ങളിലുമാണ്. ഉദാഹരണത്തിന് കൂട്ടികളെ ജയിലിലടച്ച കാര്യത്തില്‍. അശ്ലീല ചുമരെഴുത്തു മായ്ചുകളഞ്ഞത് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്, അവിടുത്തെ പുരോഗമന വിദ്യാര്‍ഥിസമൂഹം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. എതിര്‍ക്കുക തന്നെ ചെയ്യും, അത് തന്നെയാണവര്‍ ചെയ്തതും. കുട്ടികളെ തിരുത്താനും, അച്ചടക്ക നടപടി സ്വീകരിക്കാനും എല്ലാ അധികാരവമുള്ള പ്രിസിപ്പാള്‍, അധ്യാപകര്‍ ജഠഅ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടായിട്ടുകൂടി കുട്ടികളെ ജയിലില്‍ അടച്ചത് ഒട്ടും ശരിയായ നടപടിയല്ല എന്നുതന്നെയാണ് അഭിപ്രായം. ഏഴു വര്‍ഷം മഹാരാജാസില്‍ പഠിച്ച ഒരാളെന്ന നിലക്ക് ആ ക്യാമ്പസ്സിന്റെ ചരിത്രം കുറച്ചൊക്കെ അറിയാമെന്നത്‌കൊണ്ട് വാര്‍ത്ത കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി.
സിനിമയിലെ എഡിറ്റിംഗ് എന്ന സങ്കേതത്തെ പറ്റി ടീച്ചര്‍ പരാമര്ശിക്കുകയുണ്ടായി, വിഷയങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം കണ്‍ഫ്യൂസിങ് ആണെങ്കിലും അങ്ങനെ ഒരു എഡിറ്റ് മറ്റുവിദ്യാര്ഥികള് ചെയ്തല്ലോ ടീച്ചര്‍. അത് മായ്ചുകളഞ്ഞ കുട്ടികളാണ് ശരി. പോലീസിനെ കൊണ്ട് കുട്ടികളെ ജയിലില്‍ ഇട്ട ടീച്ചറല്ല എന്നുതന്നെ ഉറപ്പിച്ചുപറയുന്നു. പ്രക്ഷുബ്ധമായിരുന്നു ടീച്ചര്‍ എല്ലാ കാലവും മഹാരാജാസ്. ജയിലറ കാണിച്ചുപേടിപ്പിച്ചാല്‍ പേടിക്കില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ പ്രക്ഷുബ്ദമാവും, അതാണ് ചരിത്രം. !