മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു. മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍കുമാറിനെക്കുറിച്ച് മുമ്പ് നടത്തിയ പരാമര്‍ശം കടമെടുത്താണ് ആഷിഖിന്റെ വിമര്‍ശനം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് സെന്‍കുമാറിനെതിരെ ഉയരുന്നത്.
‘നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട, അയാള്‍ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണ്. നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട് അത് ഓര്‍മ്മിച്ചോ..’ ഇതായിരുന്നു പിണറായി വിജയന്‍ മുമ്പ് പറഞ്ഞത്. ഇത് വീണ്ടും അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു ആഷിഖ് അബു. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ആര്‍.എസ്.എസിനെ ദേശസ്‌നേഹമുള്ളവരായും മുസ്‌ലിംങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചത്. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുന്നതില്‍ 42 കുട്ടികളും മുസ്‌ലിംങ്ങളുടേതാണെന്ന് സെന്‍കുമാര്‍ പറയുന്നു.
മത തീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. മുസ്ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്‍. മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍.എസ്.എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐ.എസും ആര്‍.എസ്.എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് താനുദ്ദേശിക്കുന്നതെന്നും സെന്‍കുമാര്‍ പറയുന്നു. എന്നാല്‍ ആര്‍.എസ്.എസ്സും ഐ.എസ്സും തമ്മില്‍ എന്തുകൊണ്ട് താരതമ്യം ഇല്ല എന്ന കാര്യം സെന്‍കുമാര്‍ വിശദീകരിക്കുന്നില്ല.
അഭിമുഖത്തിന്റെ ആദ്യഭാഗവും വിവാദമായിരുന്നു. ദിലീപിനെ ചോദ്യം ചെയ്തത് എ.ഡി.ജി.പി ബി. സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നായിരുന്നു വിവാദപരാമര്‍ശം. ഇത് വിവാദമായപ്പോള്‍ അഭിമുഖത്തിലെ ഭാഗങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു.