X

‘വിശ്വസിക്കുവിന്‍, ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’; ആഷിഖ് അബു

കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട ലക്‌നൗ കോടതിവിധിക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ‘വിശ്വസിക്കുവിന്‍, ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’-ആഷിഖ് അബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷിഖിന്റെ പ്രതികരണം.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്‌രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

 

chandrika: