X

സ്‌റ്റോക്‌സിന്റെ ധീരതയും പെയ്‌നിന്റെ മണ്ടത്തരവും

ദിബിന്‍ ഗോപന്‍

ബെന്‍ സ്‌റ്റോക്‌സിനെ ക്രിക്കറ്റ് ലോകം പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ലോകകപ്പ് എന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ഈ ഓള്‍റൗണ്ടര്‍ ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലം വരെ ഓര്‍ക്കപ്പെടും. ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിലെ ലോകകപ്പിനും തുടക്കമായി. ലോകകപ്പിനപ്പുറം ആഷസ് എന്നും ക്രിക്കറ്റിലെ ഒരു യുദ്ധമാണ്. നിലവില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വിജയവും അതിന്റെ ഉദാഹരണമാണ്. ലോകകപ്പ് ഫൈനലില്‍ ലോഡ്‌സില്‍ പുറത്തെടുത്ത പ്രകടനത്തേക്കാള്‍ ഒരുപടി കൂടി മുന്നില്‍ നില്‍ക്കുന്ന ഇന്നിങ്‌സായിരുന്നു ലീഡ്‌സിലെ സ്‌റ്റോക്‌സിന്റെ പ്രകടനം. ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സിന് തകര്‍ന്ന ഇംഗ്ലണ്ടിന്റെ മിന്നുന്ന തിരിച്ച് വരവാണ് നമ്മള്‍ കണ്ടത്. അവസാന വിക്കറ്റില്‍ നടത്തിയ സ്വപ്നസമാനമായ പോരാട്ടത്തിലൂടെ ഒരു വിക്കറ്റിന്റെ വിജയമാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനു സമ്മാനിച്ചത്. ലീച്ചിനെയും കൂട്ട് പിടിച്ച് 73 റണ്‍സ് ചേര്‍ത്ത് തന്റെ പ്രതിഭ സ്‌റ്റോക്‌സ് വീണ്ടും തെളിയിക്കുന്നതിനായിരുന്നു ലീഡ്‌സ് സാക്ഷ്യം വഹിച്ചത്.

എന്നാല്‍ കയ്യിലുണ്ടായിരുന്ന വിജയം കൈവിടുന്ന ആസ്‌ട്രേലിയന്‍ ടീമിനെയാണ് നമ്മള്‍ കണ്ടത്. അവസാന ഓവറുകളില്‍ മാത്രം രണ്ട് അവസരങ്ങളാണ് ആസ്‌ട്രേലിയക്ക് ലഭിച്ചത്. എളുപ്പത്തില്‍ ലഭിക്കാവുന്ന റണ്‍ ഔട്ട് മാറ്റിവെച്ചാല്‍ നഥാന്‍ ലെയോണ്‍ മത്സരത്തില്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ സ്‌റ്റോക്‌സിനെ എല്‍ബിക്ക് മുന്നില്‍ കുടുക്കാന്‍ സാധിച്ചെങ്കിലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല.

ടീം റിവ്യു ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അനാവശ്യമായി ഉപയോഗിച്ചത് അവര്‍ക്ക് വിനയായി. ടിം പെയ്ന്‍ എന്ന ക്യാപ്റ്റന്റെ മണ്ടത്തരമായിരുന്നു അത്. ബൗള്‍ ചെയ്ത പാറ്റ് കമ്മിന്‍സിന് പോലും റിവ്യു നല്‍കാന്‍ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ പിടിവാശിയാണ് മത്സരം നഷ്ടപ്പെടുത്തിയ റിവ്യു എന്ന തീരുമാനം. പുതു ജീവന്‍ ലഭിച്ച സ്‌റ്റോക്‌സ് വിജയത്തിലേക്ക് ബൗണ്ടറി പായിപ്പിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ബാക്കിയുളള രണ്ട് മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമേറി.

Test User: