ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 196 എന്ന നിലയിലാണ് സന്ദര്‍ശകര്‍. യുവതാരങ്ങളായ മാര്‍ക് സ്‌റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) അര്‍ധശതകങ്ങളാണ് ഇംഗ്ലീഷ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഡേവിഡ് മലാനും (28) മുഈന്‍ അലിയും (13) ആണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മൂന്നാം ഓവറില്‍ തന്നെ അലിസ്റ്റര്‍ കുക്കിനെ (2) നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പീറ്റര്‍ ഹാന്റ്‌സ്‌കോംബിന് ക്യാച്ച് നല്‍കിയാണ് കുക്ക് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സ്‌റ്റോണ്‍മാനും വിന്‍സും ചേര്‍ന്നുള്ള സഖ്യം സ്‌കോര്‍ 127 വരെ എത്തിച്ചു. സ്‌റ്റോണ്‍മാനെ കമ്മിന്‍സ് വിക്കറ്റ് തെറിപ്പിച്ച് മടക്കിയതോടെയാണ് കളി ഓസീസിന്റെ വഴിയിലേക്ക് തിരിഞ്ഞത്. കന്നി സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന വിന്‍സിനെ നതാന്‍ ലിയോണ്‍ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ട് മൂന്നിന് 145 എന്ന നിലയിലായി. ഇംഗ്ലീഷ് ക്യാപ്ടന്‍ ജോ റൂട്ടിന്റേതാണ് ഇന്നലെ വീണ അവസാന വിക്കറ്റ്. പാറ്റ് കമ്മിന്‍സിന്റെ സ്വിങ് ചെയ്ത പന്ത് സ്റ്റംപിനു മുന്നില്‍ റൂട്ടിന്റെ കാലില്‍ പതിച്ചപ്പോള്‍ അംപയര്‍ വിരലുയര്‍ത്താന്‍ വിസമ്മതിച്ചെങ്കിലും റിവ്യൂ ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് സ്വന്തമാക്കി. പിന്നീട് മലാനും അലിയും കൂടുതല്‍ നഷ്ടങ്ങളില്ലാതെ അവസാനം വരെ പിടിച്ചു നിന്നു.
ഓസ്‌ട്രേലിയ ന്യൂബോള്‍ എടുത്തതിനു തൊട്ടുപിന്നാലെയാണ് വെളിച്ചക്കുറവ് കാരണം കളി നിര്‍ത്താന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.
ആഷസ്: ആദ്യദിനം ബലാബലം
Tags: ashes