X

മൂല്യബോധത്തിലാണ് ജീവിതത്തിന്റെ വെളിച്ചമെന്നറിയാത്തിടത്തോളം ദുരിതം തന്നെയാണ്!

ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ബുദ്ധിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും കോണ്‍ഗ്രസ്സായാലും ബിജെപിയും ആര്‍ എസ് എസ്സും മുസ്ലിം ലീഗും എന്‍ ഡി എഫും ആയാലും സംഘബോധത്തിലല്ല മൂല്യബോധത്തിലാണ് ജീവിതത്തിന്റെ വെളിച്ചമെന്നറിയാത്തിടത്തോളം ഭയപ്പെടേണ്ട ദുരിതം തന്നെയാണ്.

ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്താണ് ഇങ്ങനെ പോസ്റ്റിട്ടത്.

പൂര്‍ണരൂപം:

മതം വേറെ, ശാസ്ത്രം വേറെ.
മതത്തെ കുറിച്ചാണ്, സംഘബോധത്തെ കുറിച്ചാണ് താഴെ പറയുന്നത്.

മുഹമ്മദ് നബി ആകാശയാത്ര ചെയ്‌തെന്ന് വിശ്വസിക്കുന്ന വാഹനമായ ബുറാഖും മ്മടെ പുഷ്പകവിമാനവും യേശു കന്യകാപുത്രനെന്ന വിശ്വാസവും ഗണപതിയും ശിവനും അങ്ങനെയങ്ങനെ ലോകമെമ്പാടും ഉണ്ടായിട്ടുള്ള മത സംബന്ധിയായ മിത്തുകളും വിശ്വാസങ്ങളുമെല്ലാം കേവലം സങ്കല്പങ്ങൾ മാത്രമാണ് എന്നു തന്നെയാണ് എൻ്റെ വിശ്വാസം. ആ വിശ്വാസം ഒരാൾക്ക് ആശ്വാസം പകരുന്നെങ്കിൽ അത് മോശമായ കാര്യമാണെന്നും കരുതുന്നില്ല. കാരണം ജീവിതത്തെ ഹൃദ്യമാക്കുന്നത് കേവലം യുക്തിമാത്രമല്ല. കാല്പനികമായ കാവ്യാത്മകത കൂടി ചേരുമ്പോഴാണ് അത് അനായാസമാകുന്നത്. നിറവുറ്റതാകുന്നത്.

“മനമലർ കൊയ്തുമഹേശപൂജ ചെയ്യും
മനുജന് മറ്റൊരു വേല ചെയ്തിടേണ്ട
വനമലർ കൊയ്തുമതല്ലയായ്കിൽ
മായാ മനുവുരു വിട്ടുമിരിക്കിൽ മായമാറും” എന്ന് നാരായണഗുരു പറഞ്ഞതാണ് എന്നും മാതൃക. സത്യം.

“മനസ്സിൻ്റെ നിർവൃതിയെ പ്രാർത്ഥനയായും പൂജയായും അനുഭവിക്കുന്നവർ വേറെ ഒന്നും ചെയ്യേണ്ടതായിട്ടില്ല. കാട്ടിൽ നിന്നോ പൂന്തോട്ടത്തിൽ നിന്നോ പൂ പറിച്ചു കൊണ്ടുവന്ന് ഇഷ്ട രൂപത്തിനു മുന്നിൽ ഹൃദയശുദ്ധിയ്ക്കായി അർപ്പിക്കുന്നത് അനുഷ്ഠാനമാക്കിയവരും ഈശ്വരൻ നാമരൂപങ്ങൾക്കതീതമായ പൊരുളായിരിക്കുന്നെങ്കിലും ഒരു വഴിയെന്ന നിലയിൽ മന്ത്രമുരുവിട്ട് ജപിക്കുന്നവരും ഹൃദയപൂർവ്വം അത് തുടർന്നാൽ മായ മാറി ഹൃദയം വിശാലമായിത്തീരും ” എന്നാണ് മുകളിൽ എഴുതിയ ശ്ലോകത്തിൻ്റെ വിശദമായ അർത്ഥം.

ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവരിലധികവും ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് വിശ്വസിക്കുന്നവർ മാത്രമാണ്. ശരിക്കും എന്തിലെങ്കിലും വിശ്വാസമുള്ളവർ വികാരം വ്രണപ്പെടുന്നവരാകില്ല. അവർ വിമർശനങ്ങളെ മന്ദഹാസത്തോടെ തള്ളിക്കളയുന്നവരേ ആകൂ.

മുഹമ്മദു നബിയെയും ഖുർആനിനെയും വിമർശിക്കുമ്പോൾ ഭ്രാന്തു പിടിച്ച് കൈവെട്ടാനും തലവെട്ടാനും ഇറങ്ങുന്നവരേയും യേശുവിനെയും സഭയെയും ബിഷപ്പുമാരെയും വിമർശിക്കുമ്പോൾ ഞെളിപിരി കൊള്ളുന്നവരേയും അമ്പലത്തെയും കാണിക്കയേയും വിഗ്രഹാരാധനയേയും വിമർശിക്കുമ്പോൾ കലിയിളകി തെരുവിലിറങ്ങുന്നവരേയും ഭരിക്കുന്നത് ദൈവമോ വിശ്വാസമോ അല്ല. മറിച്ച് രോഗം ബാധിച്ച വികാരം മാത്രമാണ്.

കബീർദാസ്, റൂമി, അക്കമഹാദേവി, മീര, റാബിയ, സെയ്ൻ്റ് ഫ്രാൻസിസ്, ഉപനിഷത് ഋഷിമാർ, രമണമഹർഷി, നാരായണഗുരു തുടങ്ങി അറിവിൻ്റെയും അലിവിൻ്റെയും നേർവഴി മൊഴിഞ്ഞവരെ അറിയാനോ ആ തെളിഞ്ഞ വെളിച്ചങ്ങളോട് പാരസ്പര്യപ്പെടാനോ കഴിയാതെ പോകുന്നതു കൊണ്ടാണ് മനുഷ്യർ ഇത്രയും മതഭ്രാന്തരായിപ്പോകുന്നത്.

ശരിയായ ആത്മീയതയുടെ സ്പർശമില്ലാത്ത മതം മദം തന്നെയാണ്. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ബുദ്ധിസ്റ്റായാലും കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും ബിജെപിയും ആർ എസ് എസ്സും മുസ്ലിം ലീഗും എൻ ഡി എഫും ആയാലും സംഘബോധത്തിലല്ല മൂല്യബോധത്തിലാണ് ജീവിതത്തിൻ്റെ വെളിച്ചമെന്നറിയാത്തിടത്തോളം ഭയപ്പെടേണ്ട ദുരിതം തന്നെയാണ്.

Chandrika Web: