Categories: Article

ആശയറ്റവരും അര്‍മാനി ബാഗും

ഓസ്‌കര്‍ പുരസ്‌കാരം സിനിമയില്‍ മാത്രം ഒതുങ്ങാതെ അത് രാഷ്ട്രീയ രംഗത്തേക്ക് കൂടി വരികയാണെങ്കില്‍ ആരായിരിക്കും മികച്ച നടി എന്ന കാര്യത്തില്‍ എന്തായാലും ഇനി തര്‍ക്കത്തിന് സ്ഥാനമില്ല, കേരള ആരോഗ്യ മന്ത്രി ഒന്നു മുതല്‍ അവസാന സ്ഥാനം വരെ സ്വന്തമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത്രമേല്‍ ഭീകര അഭിനയമാണ് മന്ത്രിയുടേത്. നേരത്തെ ഉണ്ടായിരുന്ന മന്ത്രി പി.ആര്‍ ബില്‍ഡ് ആയിരുന്നുവെങ്കില്‍ നിലവിലെ മന്ത്രി പി.ആറിന് പോലും പി.ആര്‍ വെക്കുന്നയാളാണ്. നാളുകളായി തലസ്ഥാനത്ത് വെയിലും മഴയും കൊണ്ട് മിനിമം കൂലി ജീവിക്കാനുള്ള വകയാക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോള്‍ ഉപദേശം മാത്രം ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ പുറപ്പെടുവിക്കലാണ് മന്ത്രിയുടെ പ്രധാന പണി.

പിന്നെ നിലപാടുകളുടെ രാജകുമാരി ആയതിനാല്‍ എന്തി നും ഏതിനും നിലപാടുള്ളയാളാണ്. അതിപ്പോള്‍ കാപ്പ കേസ് പ്രതിയെ മാലയിട്ടു സ്വീകരിക്കുന്നത് മുതല്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനെന്ന പേരില്‍ ക്യൂബന്‍ ഉപപ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വിരുന്നില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വരെ അങ്ങനെ തന്നെ. കേരളത്തിന് ഒരു കപ്പിത്താനുണ്ടെന്നും ഈ കപ്പല്‍ ആടിയുലയില്ലെന്നും അടിക്കടി പ്രസ്താവന ഇറക്കുന്ന മന്ത്രിയുടെ പ്രധാന പണി തന്നെ പ്രസ്താവന കളിറക്കുക എന്നതാണ്. പ്രസ്താവനാ വകുപ്പ് മന്ത്രി എന്നൊരു വകുപ്പ് തന്നെ ഭവതിക്ക് വെച്ച് നല്‍കാവുന്നതാണ്.

സഭയില്‍ കൈചൂണ്ടി സംസാരിച്ചാല്‍ പോലും അതിനെതിരെ ഉറഞ്ഞു തുള്ളുന്ന മന്ത്രി പക്ഷേ കേരളത്തില്‍ ആരോഗ്യ രംഗം ഐ.സി.യുവിലായിട്ട് ഒരു ചെറുവിരല്‍ പോലും അനക്കാറില്ല. എന്നും വരും മന്ത്രിയുടേതായി പ്രസ്താവനകള്‍. നടപടി എടുക്കും. കര്‍ശന നടപടി, ഉത്തരവാദികളായവരെ കണ്ടത്തും. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എന്ന തരത്തില്‍ ദിവസവും പ്രസ്താവനകള്‍ വന്നു കൊണ്ടേ ഇരിക്കും. മാധ്യമങ്ങള്‍ക്ക് ആകെയുള്ള പണി മന്ത്രി പറഞ്ഞ സ്ഥലം മാത്രം മാറ്റുക എന്നതാണ്. ഉള്ളടക്കം എല്ലാം ഒന്ന് തന്നെ. പ്രസ്താവനയിലെ വാക്യങ്ങളും വാക്കുകളും ഒരേ കോപ്പി പേസ്റ്റ് സാധനങ്ങള്‍ തന്നെ. കേരളം എന്ന സംസ്ഥാനം രൂപികൃതമായ ശേഷം ഇത്രയും മോശം ആരോഗ്യ മന്ത്രി ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ച് വേണമെങ്കില്‍ ഒരു ഗവേഷണ പ്രബന്ധം തന്നെ തയ്യാറാക്കാവുന്നതാണ്.

അത്രമേലുണ്ട് വകുപ്പിന്റെ വീഴ്ചകള്‍. 231 രൂപ എന്ന ദിവസ കൂലി കുട്ടിത്തരണമെന്ന് പറയുന്ന ആശപ്രവര്‍ത്തകരെ കൊഞ്ഞനം കുത്തി നടക്കുന്ന മന്ത്രിക്ക് പക്ഷേ ബംഗാളിലെ സി.പി.എം തകര്‍ന്നതിനെ കു റിച്ച് തെല്ലൊന്ന് ആലോചിക്കുന്നത് നന്നാവും. ആപ്പിള്‍വാച്ചും മോംബ്ലോ പേനയും ഉപയോഗിച്ചതിന് പണ്ട് സിപിഎമ്മിന്റെ ബംഗാളിലെ ചെന്താരകവും എം.പിയുമായിരുന്ന ഋതബ്രത ബാനര്‍ജിക് പണികിട്ടിയ കാര്യം ശരിക്കും ഓര്‍ക്കാവുന്നതാണ്. പാര്‍ട്ടി രീതിയോട് ചേര്‍ന്നുള്ള ജീവിത ശൈലിയല്ലെന്ന് ആരോപിച്ച് ടിയാനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാലം മാറി ഋതബ്രത പിന്നീട് ദീദിക്കൊപ്പം ചേര്‍ന്നു. ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ കസേരയിട്ട് മേല്‍ പോട്ട് നോക്കുകയും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി മുതലാളിത്തത്തിന് മണിയടിച്ച് നെതര്‍ലന്‍ഡ്‌സില്‍ നിന്നും റൂം ഫോര്‍ റിവറുമായി എത്തിയ സഖാവിന്റെ കുടെ ജോലി ചെയ്യുന്നതിനാല്‍ പട്ടിണി കിടക്കുന്ന ആശകളെ നോക്കുന്നതിനേക്കാളും തന്റെ എംപോറിയോ അര്‍മാനിയുടെ ബാഗ് പ്രദര്‍ശിപ്പിക്കുന്നതിലാണ് തിരക്ക്.

ഇറ്റാലിയന്‍ നിര്‍മിത അര്‍മാനി വിപണിയില്‍ വില്‍ക്കുന്നത് 162,000 രൂപയ്ക്കാണ്. തൊഴിലാളി ചൂഷണ നിര്‍മിതിയായ പൊങ്ങച്ച ബാഗ്തൂക്കി ലളിത ജീവിതം കാട്ടി നടക്കുമ്പോള്‍ 231 രൂപയേക്കാളും കൂടുതല്‍ ചോദിക്കുന്നവരെ പരമ പുച്ഛം തോന്നുക സ്വാഭാവികം. ഇനി ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഡ്യൂപ്ലിക്കേറ്റ് ആയത് പോലെ ബാഗും വ്യാജനാണോ എന്നറിയില്ല.

സൈബര്‍ സഖാക്കള്‍ എന്തായാലും വീണ മന്ത്രിക്ക് വേണ്ടി സൈബറിടത്തില്‍ പടവെട്ടി മരിക്കുകയാണ്. നിപ സമയത്ത് പി.ആര്‍ പോരാത്തതിനാല്‍ പണ്ട് തന്റെ സഹപ്രവര്‍ത്തകയായിരുന്നയാളെ ഉപയോഗിച്ച് സമാന്തര പി.ആര്‍ പണി നടത്തിയ ആളായതിനാല്‍ ഇതൊക്കെ മന്ത്രിക്ക് എന്ത്. മാധ്യമ നിശ്പക്ഷതയെ കുറിച്ചൊക്കെ വാചാലയാവുന്ന മന്ത്രി മുമ്പ് പിണറായിക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകയായിരുന്ന സമയത്ത് ചെയ്തു കൊടുത്ത സഹായത്തിന്റെ ആകെത്തുകയാണ് ഇപ്പോഴത്തെ മന്ത്രിപ്പണിയും സംസ്ഥാന സമിതിയിലെ സ്ഥാനവുമെല്ലാം. അല്ലേലും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കൊട്ടിഘോഷിച്ചേ മന്ത്രി ചെയ്യൂ. ചുമ്മാതങ്ങ് ചെയ്യാനൊക്കുമോ.

വൈത്തിരി താലൂക്ക് ആ ശുപത്രിയിലെ കെട്ടിടോദ്ഘാടനത്തിന് മന്ത്രിക്ക് വെടിക്കെട്ടും ചെണ്ടമേളയുമായിരുന്നു വരവേല്‍പ്. രോഗികള്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് വെടിക്കെട്ട്. അതും സ്‌നേഹപ്രകടമാണെന്നാണ് മന്ത്രിയുടെ ഭാഷ്യം. ഇനി ഇവര്‍ക്ക് സി.പി.എമ്മില്‍ സീറ്റുകിട്ടിയത് എങ്ങിനെയാണെന്നത് പരിശോധിച്ചാല്‍ മതി അത്രമേല്‍ ഉണ്ട് ഇവരുടെ വീര സാഹസങ്ങള്‍. മുന്‍ മന്ത്രി ടി.എം ജേക്കബ് അന്തരിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ദിവസം… പോളിംഗ് തുടങ്ങി ഏതാണ്ട് പത്തുമണിയോട് അടുക്കുന്നു… പെട്ടെന്ന്,സാധാരണ, വാര്‍ത്ത വായിക്കുക മാത്രം ചെയ്യാറുണ്ടായിരുന്ന ഇവര്‍, ചാനല്‍ മൈക്കുമായി നേരെ ഒരു ബ്രേക്കിംഗ് ന്യൂസ് നടത്തുകയാണ്…’ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷം മൂലം അടച്ചിട്ടിട്ടുണ്ടായിരുന്ന കോലഞ്ചേരി പള്ളിയില്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ ഒരു വിഭാഗം ആരാധന നടത്തുന്നു എന്നതായിരുന്നു ബ്രേക്കിംഗ്…. പിറവം നിയമസഭാ മണ്ഡലത്തിന്റെ സ്ട്രക്ചര്‍ വെച്ചിട്ട് ഒരു വിഭാഗം വോട്ടര്‍മാരെ സാമുദായികമായി അനൂപ് ജേക്കബിന് /യുഡിഎഫിന് എതിരാക്കുന്നതിന്, സംഘര്‍ഷമുണ്ടാക്കി ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി നടത്തിയ യാതൊരു നാണവും മാനവും ഇല്ലാത്ത പ്രവര്‍ത്തിയാണ് അന്ന് വീണ ജോര്‍ജ് ചെയ്തത് സിപിഎം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പുള്ള, പി ണറായി വിജയനെ ആകര്‍ഷിച്ച ഇവരുടെ പെര്‍ഫോമന്‍സ് ഇതാണ് …എന്തും ചെയ്യും…. എന്തും പറയും എന്തും ന്യായീകരിക്കും സൈബര്‍ സഖാക്കള്‍ക്ക് പറ്റിയ കൂട്ടാണ്.

webdesk18:
whatsapp
line