ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 16നും, മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപനം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 2.28 ലക്ഷം കന്നിവോട്ടര്‍മാരാണ്. പോളിങ്ങ് സ്‌റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വര്‍ധനവ് ഉണ്ട്. മൂന്ന് ഇടത്തും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
മേഘാലയത്തിലാണ് പോളിങ് ബൂത്തുകളുടെ എണ്ണം കൂടുതലുള്ളത്. അവിടെ 3, 482 ആണ് പോളിങ് ബൂത്തുകളുടെ എണ്ണം. ത്രിപുരയില്‍ 3,328 ഉം നാഗാലാന്‍ഡില്‍ 2,315 പോളിങ് സ്‌റ്റേഷനുകളും ഉണ്ടാകും. മൂന്നിടത്തുമായി 376 പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം വനിതാ ഉദ്യോഗസ്ഥര്‍ക്കായിരിക്കും