ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം. അംബേദ്കര്‍ അടക്കമുള്ള രാഷ്ട്രനിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാഷ്ട്രം ഒരുമിച്ച് ആഘോഷിക്കുകയാണെന്നും വികസന യാത്രയിലാണ് രാജ്യമെന്നും ഭരണഘടന അനുസരിച്ച് മുന്നോട്ടുപോകണമെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ റിപ്പബ്ലിക് ദിന സന്ദേശമാണ് നടത്തിയത്. ഓരോ പൗരനും ഇന്ത്യയുടെ കഥയില്‍ അഭിമാനിക്കാം. നിരവധി മതങ്ങളും ഭാഷകളും നമ്മെ ഭിന്നിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി വിജയിച്ചത്. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് വിളിക്കുന്നത്. പട്ടിണിയും സാക്ഷരതയില്ലായ്മയും അടക്കം നിരവധി പ്രശ്‌നങ്ങളെ സ്വാതന്ത്ര്യത്തിന്റെ സമയത്ത് നമ്മള്‍ നേരിട്ടു. ഇന്ന് മറ്റു രാജ്യങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇന്ത്യ മുന്നേറുകയാണെന്നും അവര്‍ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യം നേടുന്നതിനും സ്വന്തം മൂല്യങ്ങള്‍ തിരികെ നേടുന്നതിനും നമ്മെ സഹായിച്ചു. ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ബി ആര്‍ അംബേദ്കറിനെ രാജ്യം എന്നും ഓര്‍ക്കും. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.