അലഹബാദ്: വ്യാജ സന്യാസിമാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അഖില ഭാരതീയ അഖാഢ പരിഷത്ത്. ആശാറാം ബാപ്പു, രാധേമാ, നിര്‍മല്‍ ബാബാ എന്നിവര്‍ അടക്കം ഏറ്റവും ഒടുവില്‍ ജയില്‍ ശിക്ഷക്കു വിധിച്ച ഗുര്‍മീത് റാം റഹിം സിങ് വരെയുള്ള 14 വ്യാജ സന്യാസികളുടെ പേരും വിവരങ്ങളുമാണ് പുറത്തു വിട്ടത്.
വ്യാജ സന്യാസികളെയും ഗുരുക്കന്മാരെയും നിയന്ത്രിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരണമെന്നും അഖാഢ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ മൂലം വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെടുന്നതായി അഖാഢ പരിഷത്ത് പ്രസിഡന്റ് നരേന്ദ്ര ഗിരി പറഞ്ഞു. ഇത്തരം സന്യാസിമാര്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ബാബ എന്ന പേര് ഉപയോഗിക്കുന്നതില്‍ ഏറെ വിഷമം തോന്നുന്നു. ഇവരൊന്നും ബാബ അല്ല. ഇത്തരക്കാരുടെ ചെറിയൊരു പട്ടിക മാത്രമാണെന്നും ഗിരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സച്ച്ദാരംഗി, ഓം ബാബാ അഖാ വിവേകാനന്ദ്, നിര്‍മല്‍ ബാബാ, ഇച്ഛാചന്ദ്രായി വിശ്വാനന്ദ്, ഓം നമശിവായി, നാരായണ്‍ സായി രാംപാല്‍ എന്നിവരാണ് അഖാര പരിഷത്ത് പുറത്തു വിട്ട പട്ടികയിലെ മറ്റുള്ളവര്‍. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇത്തരം ആളുകളെ ജയിലില്‍ അടച്ചു വിശ്വാസികളെ രക്ഷിക്കണമെന്നും ഇത്തരക്കാരുടെ സ്വത്തു വകകള്‍ കണ്ടു കെട്ടണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഎച്ച്പിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില ഭാരതീയ അഖാഢ പരിഷത്ത്.