ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം(അസാനി) തീവ്രചുഴലിക്കാറ്റായി ഒഡീഷ തീരത്തേക്ക് നീങ്ങുന്നു. നിലവില്‍ ഒഡീഷ തീരത്തുനിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കാറ്റ് മൂന്ന് തീര ജില്ലകളില്‍ ശക്തമായ കാറ്റും മഴയും വിതച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍, ആന്ധ്രപ്രദേശ് തീരങ്ങളിലും കാറ്റിന്റെ പ്രഭാവമുണ്ടാകും. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ഇന്നലെ രാത്രിയോടെയാണ് തീവ്രത പ്രാപിച്ചത്. ഒഡീഷയിലെ ഗജ്പതി, ഗഞ്ജം, പുരി ജില്ലകളിലാണ് കാറ്റ് നാശം വിതയ്ക്കുക. ഇവിടെ ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തീരമേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ചൊവ്വാഴ്ച കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. കേരളത്തില്‍ നാളെ വരെ ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടും.