X

‘നിസ്‌ക്കരിക്കാന്‍ തയ്യാറുണ്ടോ?’;യോഗി ആദിത്യനാഥിനെ നിസ്‌ക്കരിക്കാന്‍ വെല്ലുവിളിച്ച് അസംഖാന്‍

റാംപൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിസ്‌ക്കരിക്കാന്‍ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്‍. സൂര്യനമസ്‌ക്കാരത്തെ നിസ്‌ക്കാരത്തോട് ഉപമിച്ച പശ്ചാത്തലത്തിലാണ് അസംഖാന്റെ വെല്ലുവിളി.

മുസ്‌ലിംകളുടെ പ്രാര്‍ത്ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നും പറഞ്ഞ അസംഖാന്‍ അറവുശാലകള്‍ വ്യാപകമായി അടച്ചുപൂട്ടുന്നതിനെതിരേയും ആഞ്ഞടിച്ചു. മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടാതിരിക്കാന്‍ മുസ്‌ലിംകള്‍ പച്ചക്കറികള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പുലി പുല്ല് തിന്നുകയില്ല. എന്നാല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായാല്‍ അങ്ങനെ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ലക്‌നൗവ്വില്‍ നടന്ന ചടങ്ങിലാണ് യോഗി സൂര്യനമസ്‌ക്കാരത്തേയും നിസ്‌ക്കാരത്തേയും കുറിച്ച് പറഞ്ഞത്. ഇവ രണ്ടും ബന്ധമുള്ളവയാണ്. നിസ്‌ക്കാരത്തിലെ ചില ക്രമങ്ങളും ചലനങ്ങളും സൂര്യനമസ്‌ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. എന്നാല്‍ ഇവര രണ്ടും ഒരുമിച്ച് കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നുവെന്നും യോഗി പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് ശേഷമാണ് സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയത്. അനധികൃത അറവുശാലകളാണ് പൂട്ടുന്നതെങ്കിലും സംസ്ഥാനത്ത് വ്യാപകമായി ശിവസേന അറവുശാലകള്‍ പൂട്ടിക്കുകയാണ്.

chandrika: