ഗുവാഹട്ടി: എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നേതാക്കളുടെ സംഘം അസമിലെത്തി. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്‍ച്ചകളല്ല വേണ്ടത്. സ്വന്തം പൗരന്‍മാരെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ച് ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. മാനുഷികമായി വിഷയത്തെ സമീപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അസമിലെ പൗരത്വ പ്രശ്‌നത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ പരിഗണിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയണമെന്ന് ഗുവാഹത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അസമിലെ സന്നദ്ധ പ്രവര്‍ത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കള്‍ ഭാവി നടപടികള്‍ കൂടിയാലോചിച്ചു. ദീര്‍ഘകാലം സൈനിക സേവനം നടത്തി ഒടുവില്‍ പൗരത്വം തന്നെ നിക്ഷേധിക്കപ്പെട്ട മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാഉല്ലയെയും നേതാക്കള്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ഒരു ജവാന്‍ ശിഷ്ടജീവിതം ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയേണ്ടി വരുന്നത് അസം പ്രശ്‌നത്തിന്റെ ആഴം വിളിച്ച് പറയുന്നുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അബ്ദുള്‍ ബതീന്‍ ഖണ്ഡമാര്‍(സോഷ്യല്‍ ജസ്റ്റിസ് ഫോറം) അജ്മല്‍ ഹഖ്, അഡ്വ: മതീഉര്‍ റഹ്മാന്‍, ഗുവാഹത്തി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പള്‍ ഡോ: തൗഫീഖുര്‍ റഹ്മാന്‍, ഷഹീന്‍ ഹുസൈന്‍, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അബ്ദുള്‍ ഖയ്യും ചൗധരി, എ എ എം എസ് എ നേതാവ് മൗലാന അലി ഹുസൈന്‍ തുടങ്ങിയവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.
പൗരത്വ പ്രശ്‌നത്തില്‍ വിവിധ തലങ്ങളില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഏകോപിപ്പിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ നേതാക്കള്‍ തയാറാക്കി. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദര്‍ മൊയ്തീന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പിവി അബ്ദുല്‍വഹാബ് എം.പി, ഡോ എം.കെ മുനീര്‍ എന്നിവരാണ് സംഘത്തിലുള്ളത്.